എക്യുമെനിക്കൽ കൂട്ടയോട്ടം വൻ വിജയം
Wednesday, September 21, 2016 8:00 AM IST
ഫിലഡൽഫിയ: എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖത്തിൽ നടന്ന കൂട്ടയോട്ടം ഫിലഡൽഫിയ ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടു.

സെപ്റ്റംബർ 17നു രാവിലെ 9.30ന് എഴുനൂറോളം പേർ പങ്കെടുത്ത നിഷാ മിനി സ്റ്റേറ്റ് പാർക്കിൽ നടന്ന കൂട്ടഓട്ടം ഫിലഡൽഫിയ ഡപ്യൂട്ടി മേയർ നീനാ അഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. ഫാ. എം.കെ. കുര്യാക്കോസ് പ്രാരംഭ പ്രാർഥന നടത്തി. ചടങ്ങിൽ ഫാ. ഷിബു മത്തായി, അറ്റോർണി ജോസ് കുന്നേൽ, സെക്രട്ടറി മാത്യു ശമുവൽ, കൺവീനർ ബെന്നി കൊട്ടാരം എന്നിവർ സംസാരിച്ചു. കൃപാ, മെലീസ എന്നിവർ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു.

ഫിലഡൽഫിയായിലെ 21 ഇന്ത്യൻ ദേവാലയങ്ങളുടെ ഒത്തൊരുമയുടെയും കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ഫലമാണ് ഈ കൂട്ടയോട്ടത്തിന്റെ വിജയം. ഫാ. ഷിബു വി. മത്തായിയുടെ നേതൃത്വത്തിൽ സെക്രട്ടറി മാത്യു ശാമുവൽ, 5സ ചാരിറ്റി കോഓർർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ എന്നിവരുടെ മേൽനോട്ടത്തിൽ നാല്പത് അംഗ കമ്മിറ്റി തദ്ദേശികളുടെ സഹായത്തിനായി ഏകദേശം 50,000 ഡോളർ സമാഹരിച്ചു.

മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിലുളള സ്വാഗത കമ്മിറ്റിയും രജിസ്ട്രേഷൻ കൺവീനർ സ്മിത മാത്യുവും ഡോ. ബിനു ഷാജിമോന്റെ നേതൃത്വത്തിലുളള മെഡിക്കൽ ടീമും ഡോ. ഹോവാർഡ് പൽമർചെക്ക് നേതൃത്വത്തിലുളള ടെമ്പിൾ പൊഡയാട്രീ ടീമും സ്റ്റാൻലിയുടെ നേതൃത്വത്തിലുളള ഫുഡ് കമ്മിറ്റിയും സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന ഡാനിയേൽ പി. തോമസും ക്ലീനിംഗിനു നേതൃത്വം നൽകിയ രാജു ഗീവർഗീസും ഡിജെ ആയി പ്രവർത്തിച്ച തോമസ് ഏബ്രഹാമും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

സ്മിതാ മാത്യു വിജയികളെ പ്രഖ്യാപിച്ചു. സമാപനചടങ്ങിൽ എല്ലാ വിജയികൾക്കും ട്രോഫിയും മെഡലുകൾ വേഗതയേറിയ പുരുഷനും സ്ത്രീക്കും. കാഷ് അവാർഡ് നൽകി ആദരിച്ചു. മെഡൽസ് ആൻഡ് ടീഷർട്ട് ടീം കൺവീനർ ബിൻസി ജോണിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചു. സമാപന ചടങ്ങിൽ മാത്യു ശാമുവൽ സ്പോൺസേഴ്സിനെ ആദരിച്ചു.

ബെൻസേലം മേയർ ജോസഫ് ഡിജിമോ ലാവോ, കോൺഗ്രസ്മാൻ മൈക്ക് വീറ്റസ് പാറ്റട്രിക്, ഫിലഡൽഫിയ കൗൺസിൽമാൻ അൽ ടോവബെൻബർഗർ, സ്റ്റേറ്റ് പ്രതിനിധി ജീൻ ഡിജിറോലാമോ, എട്ടാം കോൺഗ്രഷണൽ സ്‌ഥാനാർഥികളായ ബ്രയൻ ഫീറ്റസ് പാറ്റട്രിക്, സ്റ്റീവ് സാന്റർസിയറോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: മില്ലി ഫിലിപ്പ്