തെറ്റു സമ്മതിച്ച മെർക്കലിന് അഭിനന്ദനം
Wednesday, September 21, 2016 8:02 AM IST
ബർലിൻ: അഭയാർഥി നയത്തിൽ വന്ന പിഴവുകൾ ഏറ്റുപറഞ്ഞ ജർമൻ ചാൻസലർ ആംഗല മെർക്കലിന് വിവിധ രാഷ്ര്‌ടീയ നേതാക്കളുടെ അഭിനന്ദനം. കഴിഞ്ഞ വർഷം അഭയാർഥി പ്രവാഹത്തെ നേരിടാൻ രാജ്യം സജ്‌ജമായിരുന്നില്ലെന്നും ഇനി പിഴവ് ആവർത്തിക്കില്ലെന്നുമാണ് ബർലിൻ തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം മെർക്കൽ പ്രഖ്യാപിച്ചത്.

ആദരണീയമായ കാര്യമാണ് മെർക്കൽ ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് സിഎസ്യു ഉപ നേതാവ് ക്രിസ്റ്റ്യൻ ഷ്മിഡ്റ്റ് അഭിപ്രായപ്പെട്ടു. പാർട്ടി നേതാവ് മാർക്ക് സോഡറും ഇതിനോടു യോജിച്ചു.

സിഡിയു നേതാവായ മെർക്കലിന് സഹോദര പാർട്ടിയായ സിഎസ്യുവിൽനിന്ന് ഇത്രയേറെ പ്രശംസ കിട്ടുന്നത് ദീർഘകാലത്തിനു ശേഷമാണ്. അവരുടെ ഉദാര അഭയാർഥി നയത്തിന്റെ ഏറ്റവും വലിയ വിമർശകൻ സിഎസ്യു നേതാവ് ഹോഴ്സ്റ്റ് സീഹോഫർ ആയിരുന്നു. നയത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു വരെ സീഹോഫർ ഒരു ഘട്ടത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.

ഇതുവരെ അഭയാർഥി നയത്തിലെ പാളിച്ചകൾ സമ്മതിച്ചു കൊടുക്കാൻ തയാറാവാതെ നിൽക്കുകയായിരുന്ന മെർക്കലിനെ ബർലിൻ തെരഞ്ഞെടുപ്പു ഫലമാണ് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ