എസ്ബി അലുംമ്നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും
Thursday, September 22, 2016 2:26 AM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ഓണാഘോഷവും റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബർ 18–നു ഞായറാഴ്ച വൈകുന്നേരം ഏഴിനു ബിജി കൊല്ലാപുരത്തിന്റെ വസതിയിൽ കൂടിയ സമ്മേളനത്തിൽ നടത്തി.

സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുൻ എസ്ബി കോളജ് പ്രിൻസിപ്പലും സംഘനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ ഹ്രസ്വസന്ദർശനാർത്ഥം അമേരിക്കയിൽ വന്നതാണ് ഈ കൂട്ടായ്മ ഇപ്പോൾ സാധ്യമാക്കിയത്.

മഠത്തിപ്പറമ്പിലച്ചന്റെ ആമുഖ പ്രാർത്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. ആന്റണി ഫ്രാൻസീസ് (പിആർഒ) സ്വാഗതം ആശംസിച്ചു. ഷിബു അഗസ്റ്റിൻ, ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ജിജി മാടപ്പാട്ട്, അപ്പച്ചൻ നെല്ലുവേലിൽ, സണ്ണി വള്ളിക്കളം എന്നിവർ പ്രസംഗിച്ചു. ബിജി കൊല്ലാപുരം നന്ദി പറഞ്ഞു.

റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ തന്റെ മുഖ്യ പ്രഭാഷണത്തിൽ വിദ്യാർത്ഥികളെ ജീവിത വിജയത്തിലെത്തുക്കുന്ന പരമപ്രധാനമായ ഘടകങ്ങളിലൊന്നായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും സാധ്യമാക്കുന്ന കേരളത്തിലെയെന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ മേഖലയിലെ ഒരു ബ്രാന്റ് നെയിമാണ് എസ്.ബി കോളജ് എന്നും, അത് സമൂഹത്തിൽ നമ്മെ ഓരോരുത്തരേയും വ്യതിരിക്‌തരാക്കുന്നുവെന്നും അത് നമുക്കേവർക്കും ഏറെ അഭിമാനകരമെന്നും പറഞ്ഞു.



വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി രാത്രി പത്തിനു സമ്മേളനം പര്യവസാനിച്ചു. സമ്മേളനം ഹോസ്റ്റ് ചെയ്ത ബിജി കൊല്ലാപുരത്തിനും റെറ്റിക്കും സംഘടന പ്രത്യേകം നന്ദി പറഞ്ഞു. സമ്മേളനത്തിന് ഷിബു അഗസ്റ്റിൻ, ആന്റണി ഫ്രാൻസീസ്, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര എന്നിവർ നേതൃത്വം നൽകി. സണ്ണി വള്ളിക്കളം ശബ്ദം ക്രമീകരിച്ചു. ജോഷി വള്ളിക്കളം ഫോട്ടോയുടെ ക്രമീകരണം നടത്തി. അസംപ്ഷൻ അലുംമ്നി അംഗങ്ങൾ ഓണസദ്യ ചിട്ടയായി വിളമ്പുന്നതിന് സഹായിച്ചു. പിആർഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം