ഫിലാഡൽഫിയ പോസ്റ്റൽ ഓണാഘോഷം 2016 വർണാഭമായി
Thursday, September 22, 2016 2:26 AM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ അമേരിക്കൻ മലയാളി പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ ഓണം ആഘോഷിച്ചു. സെപ്റ്റംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായ ലേബർ ഡേ ദിനത്തിലാണ് എല്ലാവർഷവും ഓണാഘോഷത്തിനായി ഒത്തുകൂടുന്നത്. ഈവർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സെപ്റ്റംബർ അഞ്ചാം തീയതി അസൻഷൻ മാർത്തോമാ പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.

അസോസിയേഷൻ ജനറൽ കൺവീനർ സജി സെബാസ്റ്റ്യന്റെ സ്വാഗത പ്രസംഗത്തോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു. തുടർന്നു കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. അതിനുശേഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും, നൃത്യനൃത്തങ്ങളും, ചെണ്ടമേളവും അരങ്ങേറി. മത്സര വിജയികൾക്ക് സജി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അസോസിയേഷന്റെ അംഗങ്ങൾ ഭവനങ്ങളിൽ നിന്നും പാകം ചെയ്തുകൊണ്ടുവന്ന 28 ഇനം കറികളോടുകൂടിയ വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. അതിമനോഹരമായ ഓണപ്പൂക്കളം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.



തുടർച്ചയായ ഏഴാം വർഷമാണ് ഓണാഘോഷത്തിനായി ലേബർ ഡേ ദിനത്തിൽ പോസ്റ്റൽ കുടുംബാംഗങ്ങൾ ഒത്തുകൂടുന്നത്. ഇരുപതിൽ താഴെ പോസ്റ്റൽ കുടുംബങ്ങളുമായി തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് നൂറിൽപ്പരം അംഗങ്ങൾ പങ്കെടുക്കുന്ന ഒരു മഹത്തായ കൂട്ടായ്മയായി മാറിയത്.

കോ–കൺവീനർ ജസ്റ്റിൻ ജോസ് സദസ്സിന് നന്ദി അർപ്പിച്ചു. സ്വപ്ന സജി സെബാസ്റ്റ്യൻ എം.സിയായിരുന്നു. അലക്സ് ജേക്കബ്, ഷൈൻ ഉമ്മൻ, മാത്യു വർഗീസ്, സന്തോഷ് മത്തായി, ജയിംസ് ജോസഫ്, സണ്ണി ഫിലിപ്പ്, ജോർജ്, മാത്യു, ഷാജു ജോർജ്, ജോബി കൊച്ചുമുട്ടം, പ്രാണേഷ്, ആനി മേട്ടിൽ, ജസ്സി ബൻസി, അനിതാ ഫിലിപ്പ്, ലൈസമ്മ മാത്യു, തോമസ് ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിനായി അടുത്ത ലേബർഡേ ദിനത്തിൽ കാണാമെന്ന് പരസ്പരം ആശംസിച്ചു നാലുമണിയോടെ പരിപാടികൾക്ക് തിരശീല വീണു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം