ഡബ്ലിനിൽ മലയാളം ഒരുക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബർ 11 ന്
Thursday, September 22, 2016 2:45 AM IST
ഡബ്ലിൻ: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് അക്ഷരമുറ്റത്തേയ്ക്ക് കടക്കാൻ
തയാറെടുക്കുന്ന അയർലൻഡിലെ കുരുന്നുകൾക്ക് മലയാളം സംഘടനയുടെ
നേതൃത്വത്തിൽ വിജയദശമിനാളായ ഒക്ടോബർ 11ന് (ചൊവ്വ) വിദ്യാരംഭം സംഘടിപ്പിക്കുന്നു.

തുടർച്ചയായ എട്ടാം തവണയും പരമ്പരാഗത രീതിയിൽ ഒരുക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും താല പ്ലാസാ ഹോട്ടലിൽ ആണ് സംഘടിപ്പിക്കുന്നത്.

ഈ വർഷം കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കാനാനെത്തുന്നത് പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്. ആടുജീവിതം എന്ന നോവലിനു 2009 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ബെന്യാമിനെ തേടിയെത്തി. പെൺമാറാട്ടം എന്ന കഥാസമാഹാരവും അബീശഗിൻ, പ്രവാചകൻമാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത്
നസ്രാണി വർഷങ്ങൾ, മഞ്ഞവെയിൽ മരണങ്ങൾ തുടങ്ങിയ ഏഴ് നോവലുകളും
വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് മലയാളികൾക്ക് പകർന്നത്.

തുടർന്നു നടക്കുന്ന മെരിറ്റ് ഈവനിംഗ് ചടങ്ങിൽ ഈവർഷം ജൂണിയർസെർട്ട്, ലിവിംഗ് സെർട്ട് പരീക്ഷകളിൽ അയർലൻഡിൽ നിന്ന് ഉയർന്ന മാർക്ക് കരസ്‌ഥമാക്കിയ മലയാളി കുട്ടികൾക്ക് മൊമെന്റോ നൽകി അനുമോദിക്കും.
ജൂണിയർ സെർട്ട്, ലിവിംഗ് സെർട്ട് പരീക്ഷകളിൽ ഉയർന്നവിജയം നേടിയ കുട്ടികളും വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: വർഗീസ് ജോയ് 089 466 2664, മിട്ടു ഷിബു 087 329 8542, സെബി സെബാസ്റ്റ്യൻ 087 226 3917, സുജ ഷജിത്ത് 087 667 8756, വി.ഡി. രാജൻ 087 057 3885.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ