ഡൻഡി, ഡൻകെൻസ്, അബർഡീൻ രൂപതകളിൽ മാർ സ്രാമ്പിക്കലിന് ഹൃദ്യമായ വരവേല്പ്
Thursday, September 22, 2016 2:47 AM IST
പ്രസ്റ്റൺ: സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് സ്കോട്ലൻഡിലെ വിവിധ രൂപതകളിൽ ഊഷ്മള സ്വീകരണം നല്കി. ഡൻഡി രൂപതയിലെത്തി മാർ സ്രാമ്പിക്കലിനെ ഫാ. ജോൺ ആൻമുറ സിഎസ്ടി, ഫാ. റോജി നരിതൂക്കിൽ സിഎസ്ടി, ഫാ. ജോൺ മുണ്ടയ്ക്കൽ സിഎസ്ടി, ഫാ. പീറ്റർ തോമസ് ഒഎഫ്എം തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ഡൻഡി സെന്റ് ക്ലമെൻസ് പള്ളിയിൽ ദിവ്യബലി അർപ്പിച്ചശേഷം ഡൻഡിയിലേയും പെർത്തിലേയും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി.

തുടർന്നു ഡൻകെൻസ് രൂപതാധ്യക്ഷൻ സ്റ്റീഫൻ റോബ്സണുമായും വികാരി ജനറാൾ അൽഡോ ആഞ്ചലോസുസാന്തോയുമായും കൂടിക്കാഴ്ച നടത്തി. തുടർന്നു അബർഡീനിലെത്തി മാർ സ്രാമ്പിക്കൽ മാസ്ട്രിക് ദേവലയത്തിലെത്തി ഫാ. ജോസഫ് പിണക്കാട്ടുമായും സീറോ മലബാർ സഭയിലെ വിശ്വാസികളുടെ ഇടയിലും സന്ദർശനം നടത്തി. വൈകുന്നേരം രൂപത അധ്യക്ഷൻ ഹ്യൂസ് ഗിൽബെർട്ട് ഒഎസ്ബിയെ സന്ദർശിച്ചു.

എല്ലാ സ്‌ഥലങ്ങളിലും മികച്ച വരവേല്പാണ് ലഭിക്കുന്നതെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു. ഇന്നു ന്യൂകാസിൽ കേന്ദ്രീകരിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രാവേളയിൽ സെക്രട്ടറി ഫാ. ഫാൻസ്വ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.