അഞ്ചിലൊന്ന് ജർമൻകാർക്കും കുടിയേറ്റ പശ്ചാത്തലം
Thursday, September 22, 2016 8:07 AM IST
ബർലിൻ: ജർമൻ പൗരൻമാരിൽ അഞ്ചിലൊന്ന് ആളുകളും കുടിയേറ്റ പശ്ചാത്തലമുള്ളവരെന്ന് സർക്കാർ കണക്ക്.

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 81.4 മില്യനാണ് ജർമനിയിലെ ജനസംഖ്യ. അതിൽ 17.1 മില്യൻ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള കുടിയേറ്റ പശ്ചാത്തലമുള്ളതായാണ് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

സ്വന്തമായി കുടിയേറിയവർ, മാതാപിതാക്കളിൽ ഒരാളെങ്കിലും വിദേശിയായുള്ളവർ, വിദേശത്തുനിന്നു വന്ന ജർമൻ വംശജർ എന്നിങ്ങനെയാണ് കുടിയേറ്റക്കാരെ തരംതിരിച്ചിരിക്കുന്നത്.

കുടിയേറ്റ പശ്ചാത്തലമുള്ളവർ ഇത്രയധികം ജർമനിയിൽ ഉണ്ടാവുന്നത് റിക്കാർഡാണ്. 2014ലേതിനെ അപേക്ഷിച്ച് 4.4 ശതമാനം വർധനയാണ് 2015ൽ ഇവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ