ഷിക്കാഗോ ഗീതാമണ്ഡലം പരമ്പര്യത്തനിമയോടെ ഓണം ആഘോഷിച്ചു
Thursday, September 22, 2016 8:09 AM IST
ഷിക്കാഗോ: ഗീതാമണ്ഡലം എന്ന കൂട്ടുകുടുംബം 38–ാമത് ഓണം പരമ്പരാഗത ആചാരനുഷ്ടാനങ്ങളോടെ ആഘോഷിച്ചു. ഗീതാമണ്ഡലം തറവാട്ടിൽ ഒത്തുചേർന്ന് ഒരു കുടുംബമേളയായാണ് ഇത്തവണത്തെ ഓണാഘോഷം.

ആർപ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റു വിശേഷാൽ പൂജകൾ ചെയ്തു ഓണാഘോഷത്തിനു തുടക്കമിട്ടു. ആനന്ദ് പ്രഭാകർ പൂജകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് ആടിതിമിർക്കുവാൻ ഊഞ്ഞാലുകളും വീടിന്റെ തൊടിയിൽ വിടർന്ന പൂക്കളാൽ തീർത്ത പൂക്കളവും നഷ്‌ടപെട്ട നമ്മുടെ പൈതൃകത്തെ തിരിച്ചു പിടിക്കുന്നവയായിരുന്നു.

സ്ത്രീകളുടേയും കുട്ടികളുടേയും വലിയതോതിൽ ഉള്ള പങ്കാളിത്തമായിരുന്നു ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉത്രാടരാത്രിയിൽ ഗീതാമണ്ഡലം തറവാട്ടിൽ താമസിച്ചു ഓണസദ്യ തയാറാക്കാൻ വൈസ് പ്രസിഡന്റ് രമാ നായരുടേയും രേഷ്മി മേനോൻ, ജയശ്രീ പിള്ള, മഞ്ജു പിള്ള, മിനി നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളെ സഹായിക്കാൻ പുരുഷന്മാരും ഉത്സാഹം കാണിച്ചത് കൗതുകം ഉണർത്തി. ഒറിജിനൽ വാഴയിലയിൽ ഓണസദ്യ വിളമ്പാൻ ആൾക്കാരുടെ ഉത്സാഹം ഓണാഘോഷത്തിനു മികവേറ്റി. ശ്രീകലയുടെ നേതൃത്വത്തിലാണ് പൂക്കളം തയാറാക്കിയത്. ശ്രീവിദ്യയുടെ ശിക്ഷണത്തിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പരമ്പരാഗതമായ വേഷങ്ങൾ അണിഞ്ഞ് മുല്ലപ്പൂ ചൂടിയ മലയാളി മങ്കമാരും കേരളത്തനിമയാർന്ന വേഷമണിഞ്ഞ പുരുഷന്മാരും കണ്ണിന് ഇമ്പമാർന്ന കാഴ്ച തന്നെ ആയിരുന്നു. ഓണപ്പാട്ടും ആർപ്പുവിളികളും ഉയർന്നതോടെ മുപ്പത്തിഎട്ടാമത് ഓണാഘോഷത്തിനു 38 സ്ത്രീകൾ അണിനിരന്ന കൈകൊട്ടികളിയും പുരുഷന്മാരുടെ ‘ആലായാൽ തറവേണം’ എന്ന നൃത്തരൂപവും കാഴ്ചക്കാരെ ആവേശഭരിതരാക്കി. ഡോ. നിഷാ ചന്ദ്രനും ഡോ ഗീതാ കൃഷ്ണനും കലാപരിപാടികൾക്ക് നേതൃത്വം നൽകി.

പയസത്തേക്കാൾ മധുരം നിറഞ്ഞ ഓർമകൾ സമ്മാനിച്ചാണ് ഗീതാമണ്ഡലതിന്റെ മുപ്പത്തിഎട്ടാമത് ഓണാഘോഷങ്ങൾക്ക് തിരശീല വീണത്. ആഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും പ്രസിഡന്റ് ജയ് ചന്ദ്രനും സെക്രട്ടറി ബൈജു എസ്. മേനോനും നന്ദി പറഞ്ഞു.

ട്രഷറർ അപ്പുക്കുട്ടൻ കാലാക്കൽ, രമ നായർ, രേഷ്മി ബൈജു, തങ്കമ്മ അപ്പുകുട്ടൻ, മഞ്ജൂ പിള്ള, ജയശ്രീ പിള്ള, ശ്രീകല, ശിവപ്രസാദ് പിള്ള, സജി പിള്ള, രവി കുട്ടപ്പൻ, രവി നായർ, ശ്രീകുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം