സീറോ മലബാർ കൺവൻഷൻ: ‘പദയാത്ര’യുമായി സ്റ്റെച്ച്ഫോർഡ്
Friday, September 23, 2016 6:09 AM IST
ബർമിംഗ്ഹാം: ഏഴാമത് സീറോ മലബാർ കൺവൻഷനിൽ ബർമിംഗ്ഹാം അതിരൂപത പരിധിയിലെ സീറോ മലബാർ മാസ് സെന്ററായ സ്റ്റെച്ച്ഫോർഡ് സെന്റ് അൽഫോൻസ കമ്യൂണിറ്റി അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടി ‘പദയാത്ര’ സെപ്റ്റംബർ 25ന് (ഞായർ) നടക്കും.

സാവിയോ ഫ്രണ്ടിന്റേയും യൂത്ത് മൂവ്മെന്റിന്റേയും കുട്ടികൾ അടക്കം നൂറോളം കലാകാരന്മാരാണ് സ്വാഗത നൃത്ത പരിപാടിയിൽ അണിനിരക്കുക. പ്രശസ്ത നൃത്താധ്യാപകൻ നൈസാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

രാവിലെ 8.45ന് സീറോ മലബാർ ഗ്രേയ്റ്റ് ബ്രിട്ടൺ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണം നൽകും. തുടർന്ന് 14 മാസ് സെന്ററുകളിൽനിന്നും മതബോധന പരീക്ഷയിൽ ഉയർന്ന മാർക്കുനേടിയ വിദ്യാർഥികളെ ആദരിക്കും. 9.45ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് 14 മാസ് സെന്ററുകളിലെ കലാകാരന്മാർ പങ്കെടുക്കുന്ന ബൈബിൾ അധിഷ്ടിത കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം അഞ്ചോടെ കൺവൻഷന് തിരശീല വീഴും.

കൺവൻഷൻഹാൾ പരിസരത്തും സമീപത്തെ പാർക്കിംഗ് സ്‌ഥലങ്ങളിലും സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

കൺവൻഷന്റെ വിജയത്തിനായി ചാപ്ലിൻമാരായ ഫാ. ജയ്സൺ കരിപ്പായി, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിലിന്റേയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: ബെന്നി വർക്കി പെരിയപുറം