എഡ്മണ്ടൻ സെന്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ ഓണം ആഘോഷിച്ചു
Friday, September 23, 2016 6:11 AM IST
എഡ്മണ്ടൻ (കാനഡ): എഡ്മണ്ടൻ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയിലെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 11ന് ഉച്ചകഴിഞ്ഞ് 1.30–ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിച്ചു.

എട്ടു കൂട്ടായ്മകളും വാശിയോടെ പങ്കെടുത്ത മത്സരത്തിൽ ഓരോ കൂട്ടായ്മയിലേയും അംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും പ്രകടമായിരുന്നു. വാശിയേറിയ മത്സരത്തിൽ ഇമ്മാനുവൽ കൂട്ടായ്മ ഒന്നാംസ്‌ഥാനവും സെന്റ് ജൂഡ് കൂട്ടായ്മ രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. തുടർന്നു നടന്ന ദിവ്യബലിക്ക് ഇടവക വികാരി റവ. ഡോ. ജോൺ കുടിയിരുപ്പിൽ കാർമികത്വം വഹിച്ചു.

18ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാനയോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. നാടൻപാട്ടു മത്സരത്തിൽ എട്ടു കൂട്ടായ്മകളും വാശിയോടെ പാടിത്തകർത്ത വേദിയിൽ കേരളത്തിന്റെ തനതായ നാടൻ കലാരൂപങ്ങൾ അരങ്ങേറി. മത്സരത്തിൽ ഹോളി ഫാമിലി കൂട്ടായ്മ ഒന്നാംസ്‌ഥാനവും സെന്റ് ആന്റണി കൂട്ടായ്മ രണ്ടാം സ്‌ഥാനവും നേടി. ടാബ്ലോ മത്സരത്തിൽ സെന്റ് ജൂഡ് കൂട്ടായ്മ ഒന്നാം സ്‌ഥാനവും ഹോളിഫാമിലി കൂട്ടായ്മ രണ്ടാം സ്‌ഥാനവും നേടി. കൾച്ചറൽ പ്രോഗ്രാമിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. കൊച്ചു കുട്ടികളുടെ ഓണനൃത്തത്തോടെ ആരംഭിച്ച പരിപാടിയിൽ കർഷകനൃത്തം, ഫ്യഷൻ ഡാൻസ്, സിംഗിൾ ഡാൻസ്, ഓണപ്പാട്ടുകൾ എന്നിവ മികച്ച നിലവാരം പുലർത്തി.

ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി മാതൃജ്യോതിസ് അംഗങ്ങൾ മൈം അവതരിപ്പിച്ചപ്പോൾ, നൈറ്റ് ഓഫ് കൊളംബസ് അംഗങ്ങൾ തിരുവാതിര അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഇടവക വികാരി റവ. ഡോ. ജോൺ കുടിയിരുപ്പിൽ നിർവഹിച്ചു. ഷൈജു സ്റ്റീഫൻ പ്രസംഗിച്ചു.

തുടർന്ന് വിവിധ കൂട്ടായ്മകളിൽ നിന്നും തയാറാക്കികൊണ്ടുവന്ന ഓണവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും നടന്നു.

ഇടവക, പള്ളി കമ്മിറ്റി അംഗങ്ങളുടെ സഹായത്തിനും സഹകരണത്തിനും ഒപ്പം ഇടവക വികാരി റവ. ഡോ. ജോൺ കുടിയിരുപ്പിലിന്റെ കഠിനാധ്വാനവും അദ്ദേഹത്തിന്റെ ഇടവകയോടുള്ള പ്രതിബദ്ധതയുമാണ് ഓണാഘോഷങ്ങൾ ഇത്രയധികം ഭംഗിയുള്ളതാക്കിയത്.

ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച അടുക്കള തോട്ടത്തിന് നൽകുന്ന ജോൺ മാത്യു കറ്റോഴം ചമ്പക്കുളം എവർറോളിംഗ് ട്രോഫിക്ക് ഷേർളി ഷാജി അർഹയായി. പൂക്കള മത്സരത്തിലെ വിജയികൾക്ക് വർക്കി ജോസഫ് കളപ്പുരയിലും ടാബ്ലോ മത്സരത്തിലെ വിജയികൾക്ക് സിജോ സേവ്യറും നാടൻപാട്ട് മത്സരത്തിലെ വിജയികൾക്ക് റ്റിജോ ജോർജും സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫി സമ്മാനിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം