ഓവർസീസ് ഫ്രന്റ്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിൽ യുഎൻ ആസ്‌ഥാനത്തു പ്രതിഷേധം നടത്തി
Friday, September 23, 2016 6:15 AM IST
ന്യൂയോർക്ക്: യുഎന്നിൽ നടക്കുന്ന ലോക രാഷ്ര്‌ടങ്ങളുടെ പ്രതിനിധി സമ്മേളനത്തിൽ പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസംഗിക്കവേ ആസ്‌ഥാന മന്ദിരത്തിനു പുറത്ത് ഓവർസീസ് ഫ്രന്റ്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

തീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു അവർക്കു എല്ലാവിധ സഹായവും ചെയ്തുകൊടുത്തു അവർക്കു പ്രചോദനമേകി ലോകമെമ്പാടും തീവ്രവാദത്തിന്റെ വിത്തു പാകുന്ന, നിരപരാധികളുടെ ജീവനെടുക്കുന്ന പാക്കിസ്‌ഥാന്റെ നയംമാറ്റിയില്ലെങ്കിൽ നല്ല വിലകൊടുക്കേണ്ടി വരുമെന്ന സന്ദേശം നൂറു കണക്കിന് വരുന്ന സാധാരണ ജനങ്ങൾ പാക്കിസ്‌ഥാനെതിരെയുള്ള മുദ്രാവാക്യങ്ങൾ വഴി നൽകുന്നതിൽ വിജയിച്ചു. ധാരാളം മീഡിയകളും ഈ വൻ പ്രതിഷേധം കവർ ചെയ്യാനെത്തിയിരുന്നു. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ നേതൃത്വത്തിൽ എച്ച്എസ്എസ്, വിഎച്ച്പി തുടങ്ങി നിരവധി സംഘടനാ ഭാരവാഹികളും ബലൂചിസ്‌ഥാനിൽ നിന്നുള്ള സഹോദരങ്ങളും കാശ്മീരി സഹോദരങ്ങളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സജീവമായി പങ്കെടുത്തു. ന്യൂജേഴ്സി, ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, ആൽബനി തുടങ്ങി ദൂരെ ദിക്കുകളിൽ നിന്ന് പോലും മണിക്കൂറുകൾ ഡ്രൈവ് ചെയ്തു പ്രതിഷേധ സമരത്തിൽ ആളുകൾ പങ്കെടുത്തു.

ബലൂചിസ്‌ഥാനെ പ്രതിനിധീകരിച്ചു അഹമ്മദ് മസ്തിഖാന്റെ നേതൃത്വത്തിൽ എത്തിയവർ പാകിസ്‌ഥാൻ ബലൂചിസ്‌ഥാനിൽ നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഇന്ത്യയുടേയും നരേന്ദ്രമോദിയുടെയും സപ്പോർട്ടിനെ അദ്ദേഹം ശ്ലാഘിച്ചു. ഭാരതത്തിനും നരേന്ദ്രമോദിക്കും ജയ് വിളിച്ചു പാക്കിസ്‌ഥാനെതിരെ ശക്‌തമായ പ്രതിഷേധം കാഴ്ചവച്ചു. കാശ്മീരി പണ്ഡിറ്റുകളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഓവർസീസ് ഫ്രന്റ് ഓഫ് ബിജെപിയുടെ ദേശീയ അധ്യക്ഷൻ കൃഷ്ണ റെഡ്ഡി, മുൻ അധ്യക്ഷൻ ഡോ. അടപ്പ പ്രസാദ്, ന്യൂയോർക്ക് കൺവീനർ ശിവദാസൻ നായർ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം