വിന്റർത്തൂർ മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു
Friday, September 23, 2016 6:18 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ വിന്റർത്തൂർ മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു. ആഘോഷ പരിപാടികൾ ഫാ. വർഗീസ് നടയ്ക്കൽ ഉദ്ഘാടനം ചെയ്തു.

അംഗങ്ങൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കുപുറമേ ഓണക്കളികൾ, മഹാബലിക്ക് സ്വീകരണം എന്നിവയും നടന്നു. അത്തപ്പൂക്കളമൊരുക്കിയാണ് മഹാബലിയെ സ്വീകരിച്ചത്. മഹാബലിക്കൊപ്പം വാമനനും സ്വിസ് മലയാളീസ് വിന്റർത്തൂറിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയായിരുന്നു. മഹാബലിയായി ബിജു നെട്ടൂർ വീട്ടിലും വാമനനായി അലൻ മനു കൊട്ടാപ്പള്ളിയും വേഷമിട്ടു.

തുടർന്നു ജീവകാരുണ്യ പദ്ധതിയെക്കുറിച്ചും ക്രിസ്മസ് ആഘോഷത്തെക്കുറിച്ചും സ്റ്റീഫൻ ചെല്ലക്കുടം വിശദീകരിച്ചു. പുതിയ പദ്ധതിയനുസരിച്ച് പെരുമ്പാവൂരിലെ പുല്ലുവഴിയിലുള്ള സ്നേഹ ജ്യോതി ശിശുഭവനിലെ അന്തേവാസികൾക്ക് അടുക്കള പണിത് നൽകുവാനുള്ള ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ ചാരിറ്റി കൺവീനർ ജോസ് പുതിയേടം, സെബാസ്റ്റ്യൻ പാറക്കൽ, തോമസ് മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ശിശുഭവനിലെത്തി സിസ്റ്റർ ജിസ പോളിന് കൈമാറി. ബാക്കി തുക ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം നൽകാനും തീരുമാനമായി.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്നും സമാഹരിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുവാനും തീരുമാനിച്ചു. സ്വിറ്റ്സർലൻഡിൽ നിന്നും സ്‌ഥലംമാറിപ്പോകുന്ന ഫാ. വർഗീസ് നടയ്ക്കലിന് ആശംസകൾ നേർന്നു. ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചാരിറ്റി കൺവീനർ ജോസ് പുതിയേടം, വർഗീസ് കരുമത്തി, ജോൺസൺ ഗോപുരത്തിങ്കൽ എന്നിവർ നേതൃത്വം നൽകും. പുതുതായി അംഗത്വമെടുത്ത ജോഷി എറണാകുളത്തേയും കുടും ബാംഗങ്ങളെയും യോഗം അനുമോദിച്ചു. പ്രസിഡന്റ് പോൾ കുന്നുംപുറത്ത്, സെക്രട്ടറി സെബാസ്റ്റ്യൻ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ