ആനക്കൊമ്പ് വില്പന; മൂന്നു പേർ അറസ്റ്റിൽ
Friday, September 23, 2016 6:22 AM IST
ന്യൂയോർക്ക്: ആനക്കൊമ്പുകൊണ്ടു നിർമിച്ച കരകൗശല വസ്തുക്കൾ വില്പന നടത്തിയതിന് മൻഹാട്ടനിൽ നിന്നും മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൻഹാട്ടൻ ആന്റിക്ക് സ്റ്റോറിലെ ഒരു സ്വകാര്യ മുറിയിലായിരുന്നു ആനക്കൊമ്പു കൊണ്ടുളള മനോഹര ശില്പങ്ങൾ വില്പനയ്ക്ക് വച്ചിരുന്നത്.

മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫസ് സെപ്റ്റംബർ 22ന് നടത്തിയ പത്രസമ്മേളനത്തിലാണ് അറസ്റ്റ് വിവരം വെളിപ്പെടുത്തിയത്. വന്യ ജീവികളുടെ വംശനാശത്തിനു വരെ വഴി വയ്ക്കുന്ന ഇത്തരം വ്യാപാരങ്ങൾ ഇവിടെ നടക്കുന്നു എന്നറിഞ്ഞതിൽ ഡിഎ ഓഫീസ് ഉത്കണ്ഠ രേഖപ്പെടുത്തി.

കടയുടമസ്‌ഥരായ ഇർവിംഗ്, സാമുവൽ, വില്പനക്കാരൻ വിക്ടർ എന്നിവരാണ് പിടിയിലായത്. 126 ആനക്കൊമ്പുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഒരു ജോഡിക്ക് 2,00,000 ഡോളർ വീതം സവാന എലിഫന്റ് കൊമ്പുകൾ ഇവിടെ നിന്നും വിൽപന നടത്തിയിരുന്നതായി ഡിഎ ഓഫീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ