കേരളാ അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി
Saturday, September 24, 2016 2:47 AM IST
ഷിക്കാഗോ: ഷിക്കാഗോയുടെ വെസ്റ്റേൺ സബർബിലെ കേരളീയ നിവാസികൾക്കായി കേരളാ അസോസിയേഷൻ അണിയിച്ചൊരുക്കിയ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ടും അടപ്രഥമനോടു കൂടിയ ഓണസദ്യകൊണ്ടും, വൈവിധ്യമാർന്ന കലാപ്രകടനങ്ങൾകൊണ്ടും പങ്കെടുത്തവർക്ക് സംതൃപ്തിയേകി. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം പരമ്പരാഗത ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി തമ്പുരാനെയും വിശിഷ്‌ടാതിഥികളെയും ഘോഷയാത്രയായി സ്റ്റിജിലേക്കാനയിച്ചു. തുടർന്നു ആമുഖ കലാപ്രകടനമായി നടത്തിയ ഷിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ടമേളം നടന്നു. വിശിഷ്‌ടാതിഥികളായി ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ വികാരി ജനറാൾ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ, ഷിക്കാഗോ, കോൺസുലേറ്റ് ഓഫീസിൽ നിന്നും കോൺസൽ രാജേശ്വരി ചന്ദ്രശേഖരൻ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് ജോർജിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം മുഖ്യാതിഥികൾ നിലവിളക്കു കൊളുത്തി പരിപാടികൾ ആരംഭിച്ചു.

വിശിഷ്‌ടാതിഥി റവ. ഡോ. ആഗസ്റ്റിൻ പാലക്കാപറമ്പിൽ തിരുവോണ ചിന്തകൾ പങ്കുവച്ച് സംസാരിച്ചത് ഹൃദ്യമായി അനുഭവപ്പെട്ടു. യൂത്ത് കോഓർഡിനേറ്റർ ഫിലിപ്പ് നങ്ങച്ചിവീട്ടിലിന്റെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികളിൽ തദ്ദേശീയ കലാകാരന്മാരേയും കലാകാരികളേയും ഉള്പ്പെടുത്തിയിരുന്നു. ഓണാഘോഷങ്ങളിലെ മുഖ്യകാലാരൂപമായ തിരുവാതിര ടീം അംഗങ്ങളായ സിൽവി, നാൻസി, അനുഗ്രഹ, ആഷ്ലി, ജിൻസി, ജിബി, ഷെറിന്, ആൻമേരി; സോളോ സോങ്ങ് പാടിയ അനിഷ എന്നിവരെ കോൺസൽ പ്രത്യേകം അഭിനന്ദിക്കുകയും അവരുടെ തിരുവാതിര കോൺസലേറ്റിന്റെ വാർഷിക പരിപാടിയിൽ ഉൾപ്പെടുത്തുമെന്നു അറിയിക്കുകയും ചെയ്തു. പ്രസിഡന്റ് ഏലമ്മ ചെറിയാന്റെ അധ്യക്ഷ പ്രസംഗത്തിനു ശേഷം അംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും, ജെയിഡനും ക്രിസ്റ്റിയും കൂടി അവതരിപ്പിച്ച ബ്രേക്ക് ഡാൻസും പരിപാടികൾക്ക് മാറ്റുകൂട്ടി. മാവേലിയായി വേഷമിട്ടത് വൈശാഖ് ചെറിയാൻ ആയിരുന്നു.



ഓണാഘോഷ പരിപാടികൾക്ക് അവതാരകരായി നിഷാ മാത്യു എറിക്കും ഫിലിപ്പ് നങ്ങച്ചിവീട്ടിലും പ്രവർത്തിച്ചു. രജിസ്റ്റർ ടു വോട്ട് എന്ന കൗണ്ടി ഓർഗനൈസ്ഡ് പരിപാടി വിനു സഖറിയായുടെ നേതൃത്വത്തിൽ നടത്തി. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കിയത് ഡോ. പോൾ ചെറിയാൻ, സന്തോഷ് അഗസ്റ്റിന്, പി. സി. മാത്യൂസ്, തമ്പിച്ചൻ ചെമ്മാച്ചേല്, ഷഫീക് അബൂബക്കര്, ഫിലിപ്പ് അലക്സാണ്ടർ, ടോമി, തങ്കച്ചൻ, ജയിംസ്, ഓമന എളപ്പുങ്കൽ, മോനായി മാക്കിൽ, തോമസുകുട്ടി നെല്ലാമറ്റം, കോശി വൈദ്യൻ, ജിമ്മി ചക്കുങ്കൽ, സാജൻ ഫിലിപ്പ്, മാഗി അഗസ്റ്റിൻ തുടങ്ങിയവരാണ്. റോസി ജോൺ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം