ഷിക്കാഗോ ക്നാനായ ഫൊറോന മിയാവ് രൂപതയിൽ ദേവാലയം നിർമ്മിച്ചുനൽകുന്നു
Saturday, September 24, 2016 2:47 AM IST
ഷിക്കാഗോ: ദശാബ്ദി ആഘോഷിച്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ഇടവകയുടെപത്താം വാർഷികത്തിന്റെ അനുസ്മരണക്കായി അരുണാചൽ പ്രദേശിലെ മിയാവ് രൂപതയിൽ ഇടവകയുടെ മധ്യസ്‌ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ ഒരു ദേവാലയം നിർമ്മിച്ചു കൊടുക്കുന്നു. പത്തുവർഷം മുമ്പ് ഇടവക സ്‌ഥാപിതമായപ്പോൾ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ മറ്റൊരു ദൈവാലയം നിർമ്മിച്ചു കൊടുത്തിരുന്നു. ആ ദേവാലത്തിന്റെ കൂദാശയിൽ സംബന്ധിക്കുവാൻ ഈ ഇടവകയിൽ നിന്ന് 36 പേർ തീർത്ഥാടനം നടത്തുകയും, പള്ളി കൂദാശയിൽ സംബന്ധിക്കുകയും ചെയ്തു. ഈ തീർത്ഥാടന സംഘം തന്നെ സെന്റ് ജോർജിന്റെ നാമത്തിൽ മറ്റൊരു ദേവാലയം നിർമ്മിച്ചു കൊടുത്തു. കൂടാതെ ഷിക്കാഗോയിലെ നിരവധി കുടുംബങ്ങളും, വ്യക്‌തികളും മിയാവ് രൂപതയിൽ ദേവാലയം നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.

സെപ്റ്റംബർ 22 വ്യാഴാഴ്ച, വൈകുന്നേരം ഏഴിനു ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപറമ്പിൽ മുഖ്യകാർമികനും, ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി അർപ്പിച്ച വിശുദ്ധ ബലിക്കുശേഷം, ദശാബ്ദി ആചരണത്തിന്റെ സ്മാരകമായി മിയാവ് രൂപതയിൽ തിരുഹൃദയത്തിന്റെ നാമത്തിലുള്ള രണ്ടാമത്തെ ദേവാലയ നിർമ്മിതിക്കായുള്ള ഫണ്ട് കൈക്കാരൻ തോമസ് നെടുവാമ്പുഴ പള്ളിപറമ്പിൽ പിതാവിന് കൈമാറി. തദവസരത്തിൽ. വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തും, പാരീഷ് കൗൺസിലംഗങ്ങളും സന്നിഹിതരായിരുന്നു.



തിരുകർമ്മങ്ങൾക്ക് മധ്യേ നടന്ന വചന സന്ദേശത്തിൽ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ തിരുഹൃദയ ദേവാലയത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്കുള്ള ആശസകൾ നേർന്നു. വിശുദ്ധ കുർബാനക്കുശേഷം, മിയാവ് രൂപതയുമായി സേക്രഡ് ഹാർട്ട് ഫൊറോനയ്ക്കുള്ള പ്രത്യേക ബന്ധത്തേപ്പറ്റി മുത്തോലത്തച്ചൻ അനുസ്മരിച്ചു.മിയാവൂ രൂപതയിൽ ദൈവാലയ നിർമ്മാണത്തിനും, മറ്റ് സഹകരണങ്ങൾക്കും ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായും, അതിന് നേത്യുത്വം നൽകുന്ന വികാരി മുത്തോലത്തച്ചനും അഭിവന്ദ്യ. മാർ പള്ളിപറമ്പിൽ പിതാവ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ബിനോയി കിഴക്കനടി