കരുണയുടെ കവാടം കടന്ന് തീർത്ഥാടനം, ഫീനിക്സ് മഹാജൂബിലി നിറവിൽ
Saturday, September 24, 2016 2:48 AM IST
ഫീനിക്സ്: കരുണയുടെ ജൂബിലിവർഷത്തിൽ ഫീനിക്സ് ഹോളിഫാമിലി സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനം ഭക്‌തിസാന്ദ്രമായി. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനപ്രകാരമാണ് ആഗോള സഭ ഈവർഷം കരുണയുടെ മഹാജൂബിലി വർഷമായി കൊണ്ടാടുന്നത്. ജൂബിലിവർഷത്തിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വിശേഷാൽ ദണ്ഡവിമോചനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പ്രത്യേക പ്രാർത്ഥനകൾക്കും ഭക്‌തകർമ്മാനുഷ്ഠാനങ്ങൾക്കും വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫീനിക്സിലെ സെന്റ് സൈമൺസ് ആൻഡ് ജൂഡ് കത്തീഡ്രലിലേക്കാണ് വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഒന്നടങ്കം തീർത്ഥാടനം നടത്തിയത്. സഭ നിർദേശിച്ചിരിക്കുന്ന പ്രത്യേക ആത്മീയ കർമ്മങ്ങൾ അനുഷ്ഠിച്ച് പ്രാർത്ഥിച്ച് കരുണയുടെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുന്നവർക്ക് വിശേഷാൽ ദണ്ഡവിമോചനം കരുണയുടെ മഹാ ജൂബിലി വർഷത്തിൽ സഭ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഇടവകാംഗങ്ങൾ എല്ലാവരും പ്രത്യേകം പ്രാർത്ഥിച്ചും ഉപവസിച്ചും കുമ്പസാരിച്ച് ഒരുങ്ങിയുമാണ് വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചത്. തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഭക്‌തിനിർഭരമായ വിവിധ ചടങ്ങുകളിലും വി. കുർബാനയിലും ഫീനിക്സ് രൂപതാ ബിഷപ്പ് മാർ തോമസ് ഓംസ്റ്റെഡ് മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതിഫലനമാണ് കരുണയെന്ന് ബിഷപ്പ് വി. കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ദൈവീകമായ ഈ കരുണയുടെ ഫലം സകല മനുഷ്യരിലും എത്തിച്ചുകൊടുക്കുകയെന്നതാണ് ക്രിസ്തീയ ധർമ്മം. ആത്മാർത്ഥമായ ക്ഷമയുടേയും സ്നേഹത്തിന്റേയും ശക്‌തി മനുഷ്യനെ മാനസാന്തരത്തിലേക്കും അതുവഴിയായി ദൈവത്തിങ്കലേക്കും അടുപ്പിക്കുമെന്ന് ഓർമ്മപ്പെടുത്താൻകൂടിയാണ് കരുണയുടെ മഹാജൂബിലി വർഷം സഭ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു.

ഫീനിക്സ് സെന്റ് ജൂഡ് ആൻഡ് സൈമൺ കത്തീഡ്രൽ ദേവാലയത്തിൽ അർപ്പിച്ച സമൂഹബലിയിലും മറ്റ് വിശുദ്ധ കർമ്മങ്ങളിലും തീർത്ഥാടനാലയം റെക്ടറും കത്തീഡ്രൽ വികാരിയുമായ ഫാ. ജോൺ ലാങ്കൈനൊപ്പം ഫീനിക്സ് രൂപതയിലെ നിരവധി വൈദീകരും സഹകാർമികരായി.

മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഒരു ഇടവക സമൂഹം ഒന്നടങ്കം കരുണയുടെ കവാടത്തിലൂടെ പ്രവേശിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കാനെത്തിയത് ആത്മീയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവവും വിശ്വാസികളേവർക്കും അനുകരണീയമായ ഉത്കൃഷ്ട മാതൃകയുമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മഹാജൂബിലി വർഷത്തിൽ ഏറെ ത്യാഗം സഹിച്ച് ഈ വിശുദ്ധ കർമ്മത്തിനായി ഒരുങ്ങിയ ഫീനിക്സിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തേയും വികാരി ഫാ ജോർജ് എട്ടുപറയിലിനേയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു. കൈക്കാരന്മാരായ മനോജ് ജോൺ, പ്രസാദ് ഫിലിപ്പ്, ജയ്സൺ വർഗീസ് എന്നിവർ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം വഹിച്ചു. ബോബി ജോസ് ചാമംകണ്ടയിൽ പരിപാടികളുടെ മുഖ്യ കോർഡിനേറ്ററായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം