പ്രസ്റ്റണിലെ സീറോ മലബാർ രൂപതയും വി അൽഫോൻസാമ്മയും
Saturday, September 24, 2016 4:34 AM IST
ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സഭയുടെ പ്രസ്റ്റൺ രൂപത, വി. അൽഫോൻസാമ്മയുടെ മധ്യസ്‌ഥതയിലുള്ള ദൈവീകപരിപാലനയുടെ അടയാളം ആണ്. 1970 കളുടെ ആരംഭത്തിൽ യുകെയിൽ ഉണ്ടായ സീറോ മലബാർ കത്തോലിക്കരുടെ സാന്നിധ്യത്തെ തുടർന്നു 1990 കളുടെ അവസാനത്തോടെ നൂറു കണക്കിനു കുടുംബങ്ങളെ അറബിക്കടൽ കടന്നു വടക്കൻ തീരപ്രദേശങ്ങളിൽ എത്തിച്ചു. അങ്ങനെ വന്നവർ അവരുടെ കുടുംബത്തെ മാത്രമല്ല, അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും അവിടെ വേര് ഉറപ്പിക്കാൻ പരിശ്രമിച്ചു. ഇങ്ങനെ എത്തിച്ചേർന്ന ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം മലയാളത്തിൽ ഉള്ള സീറോ മലബാർ കുർബാനയിലുള്ള പങ്കാളിത്വം ആയിരുന്നു. ഇതിനുവേണ്ടി എത്ര ത്യാഗം സഹിക്കുവാനും പുരോഹിതരും ജനങ്ങളും തയാറായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് അവർക്ക് ഇതിന് അവസരം ലഭിച്ചപ്പോൾ അതിലൂടെ അവർ അറിയാതെ അവിടെ രൂപപ്പെട്ടത് സാമൂഹിക സാംസ്കാരിക കുടുംബ കേന്ദ്രീകൃതമായ ഒരു ഒരുമിക്കൽ ആയിരുന്നു. ഈ ഒരുമിക്കൽ കേരളത്തിലെ ഒരു ഇടവക കൂട്ടായ്മയുടെ ചെറിയ ഒരു പതിപ്പായി അനുഭവപ്പെട്ടു. ഈ കൂട്ടായ്മയിലേക്ക് സീറോ മലബാർ വിശ്വാസികളെ കൂടാതെ ഇതര ക്രൈസ്തവ വിഭാവങ്ങളിലെ ആളുകളെയും ഉൾകൊള്ളിക്കുവാൻ കഴിഞ്ഞുവെന്നത് ഒരു വലിയ നേട്ടം ആയിരുന്നു. ഇങ്ങനെ ജീവിച്ച് വന്ന ഒരു കുടുംബ സാമൂഹിക പശ്ചാത്തലത്തിലേക്ക് വ്യക്‌തികേന്ദ്രീകൃതമായ ചിന്താഗതിയും ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയും വിശ്വാസത്തെ അനുഭവത്തിൻ തലത്തിൽ മനസിലാക്കുന്നതിൽ വന്ന പാളിച്ചകളും സ്വാധീനം ചെലുത്തി.

മതനിഷേധത്തിന്റെയും, ക്രൈസ്തവ വിശ്വാസത്തിലുള്ള ആഴപ്പെടലിന്റെ അഭാവവും, ഭൗതികതയിൽ വിശ്വാസമർപ്പിച്ച് ജീവിക്കുന്ന ഒരു ജനതയും, അമിതമായ ഉപഭോഗ സംസ്കാരവും ഒക്കെ പുതിയ തലമുറയെ അമിതമായി അടിമപ്പെടുത്തുന്നത് ഭയത്തോടുകൂടിനോക്കി നിൽക്കാൻ മാത്രമെ പുതിയ തലമുറയ്ക്ക് കഴിയുന്നുള്ളൂ. ഈ അവസ്‌ഥയ്ക്ക് കുറെ എങ്കിലും മാറ്റം വരുന്നതായി അനുഭവപ്പെടുന്നത് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസജീവിതവും, കുടുംബപ്രാർത്ഥനയും, കൂദാശജീവിതത്തിലുള്ള പ്രാർഥനയും മുഖേന ആണ്. പലപ്പോഴും നമ്മുടെ ജീവിതം ബ്രിട്ടണിലെ ജനതയക്ക് ഒരു അതിശയിപ്പിക്കുന്ന സാക്ഷ്യജീവിതം ആണ്. കുടുംബകേന്ദ്രീകൃതമായ ഒരു ആത്മീയ ജീവിതം തന്നെയാണ് അതിനെ വേർതിരിച്ച് നിർത്തുന്നത്. ഈ ഒരു അവസ്‌ഥയ്ക്ക് മാറ്റം വരുത്തുന്നതിന് നമ്മുടെ യുവജനതയെ മതബോധനത്തിലൂടെയും വിശ്വാസത്തിന്റെ അനുഭവതലത്തിലൂടെയും നയിക്കുവാൻ കഴിയുന്ന ഒരു സംവിധാനം ഈ കാലഘട്ടത്തിൽ ആവശ്യമാണ്. വി. കുർബ്ബാനയിലെ പങ്കാളിത്വത്തെ ആഴമായ ഒരു അനുഭവവും കൂദാശ ജീവിതം ഒരുവന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകവും ആയി തീർന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഇതിനുവേണ്ടി സീറോ മലബാർ സമൂഹത്തിൽ കൂടുതൽ സഭാപരമായ ഇടപെടലുകൾ ആവശ്യമാണ് എന്ന് പലരും ചിന്തിച്ചിരുന്നു. പലപ്പോഴും പ്രാർത്ഥനകളിലും വിചിന്തനങ്ങളിലും ഈ ആശയങ്ങൾ ഉയർന്ന് വരുകയും ചെയ്യുക പതിവായിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പൗരസ്ത്യസഭയെക്കുറിച്ചുള്ള പ്രമാണ രേഖയുടെ നാലാം ഖണ്ഡികയുടെ ചൈതന്യം ഉൾകൊണ്ട് ഓരോ പ്രദേശിക സഭയും അവരുടെ വിശ്വാസപാരമ്പര്യവും പൈതൃകവും നിലനിർത്തുന്നതിനും, വളർത്തുന്നതിനും ആവശ്യമായ സംവിധാനങ്ങളും സാഹചര്യങ്ങളും കത്തോലിക്കാ സഭ വിഭാവനം ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ആണ് ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികളിൽ ഏറെ നാളുകളായി പ്രാർത്ഥിച്ച് കാത്തിരുന്ന അവരുടെ സ്വപ്നത്തിന്റെ പൂർത്തീകരണം എന്ന നിലയിൽ ഈ രൂപത സ്‌ഥാപിതമായിരിക്കുന്നത്.

കേരള സഭയുടെ അഭിമാനമായ വി. അൽഫോൻസാമ്മയോട് ഇവിടെയുള്ള വിശ്വാസ സമൂഹത്തിനു, പ്രത്യേകിച്ച് കുട്ടികൾക്കും യുവജനങ്ങൾക്കും ഭക്‌തിയും സ്നേഹവും ഉണ്ടായിരുന്നു. ഈ ഭക്‌തിയുടെ ഭാഗമായി വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ജൂലൈ 28–ാം തീയതി തന്നെ പുതിയ രൂപതയുടെ സ്‌ഥാപനവും, ആ രൂപതയുടെ മെത്രാനായി ജോസഫ് സ്രാമ്പിക്കലിന്റെ നിയമനവും വി. അൽഫോൻസാമ്മയുടെ മദ്ധ്യസ്‌ഥതതയാൽ ലഭിച്ചത് വലിയ അനുഗ്രഹമായി എല്ലാവരും കാണുന്നു. മാത്രവുമല്ല പുതിയ രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിന് വി. അൽഫോൻസാമ്മയുടെ നാമം നൽകുകയും ചെയ്തു. പുതിയ രൂപതയുടെ ആവിർഭാവത്തോടെ ഇവിടെയുള്ള വിശ്വാസസമൂഹത്തിന് കൂടുതൽ വളർച്ചയും വിശ്വാസജീവിതത്തിലുളള ആഴപ്പെടലും സംഭവിക്കട്ടെ എന്ന് നമുക്ക് വിശ്വസിക്കാം. ഇപ്പോൾ ഏകദേശം നാൽപതിനായിരത്തോളം കത്തോലിക്കാ വിശ്വാസികൾ ഇവിടെ ഉണ്ട്. ഇവിടെയുള്ള വിശ്വാസസമൂഹത്തിന് കൂടുതൽ ഉത്തരവാദിത്വപൂർണ്ണമായ ഒരു സാക്ഷ്യജീവിതം നയിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ഇത്. യൗവ്വനപൂർണ്ണമായ ഒരു സഭാസമൂഹമാണ് ഇവിടെയുള്ളത് അതുകൊണ്ട് തന്നെ ചലനാത്മായ ഒരു സമൂഹത്തിനുവേണ്ടി ഊർജ്‌ജസ്വലതയോടെ തന്റെ ശുശ്രൂഷ നിർവഹിക്കാൻ നിയുക്‌ത പിതാവിന് സാധിക്കും. രൂപതാംഗങ്ങളുടെ മതബോധനത്തിലും അജപാലനമേഖലയിലും കൗദാശിക ജീവിതത്തിലും കാര്യമായ ഒരു സ്വാധീനവും, പരിശീലനവും, ദിശാബോധവും, അനുഭവവും രൂപപ്പെടുത്തന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ അഭിവന്ദ്യ പിതാവിന് കഴിയുമെന്ന ഞങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രിട്ടനിൽ ജനിച്ചു വളർന്ന നമ്മുടെ കുട്ടികളെ അവർ ആയിരിക്കുന്ന സാഹചര്യങ്ങളും അവരുടെ ജീവിത – സാംസ്കാരിക പശ്ചാത്തലവും തുറവിയോടെ ഉൾകൊള്ളുന്നതിനും, അവർക്ക് സ്വീകാര്യമായ ഒരു പരിശീലന മേഖല കണ്ടെത്തി നൽകുന്നതിനും, ഈ സംസ്കാരം മനസ്സിലാക്കിയിട്ടുള്ള പിതാവിന് കഴിയുമെന്ന് തന്നെയാണ് ഇവിടെ വിശ്വാസികൾ കരുതുന്നത്.

റവ. ഫാ. റോജി നരിതൂക്കിൽ സി. എസ്. റ്റി (സ്കോട്ട്ലന്റ്)