സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്‌ഥലം സിക്കിം
Saturday, September 24, 2016 6:50 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്‌ഥലം സിക്കിം ആണെന്ന് കണ്ടെത്തി. അമേരിക്ക ആസ്‌ഥാനമായ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസും നതാൻ അസോസിയേറ്റ്സും ചേർന്നു നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ് സിക്കിമിനെ തിരഞ്ഞെടുത്തത്.

തൊഴിൽ സ്‌ഥലത്തെ ഉയർന്ന സ്ത്രീ പ്രാതിനിധ്യം സ്ത്രീകളുടെ ജോലിസമയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത്, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ കഠിനശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്.

സിക്കിമിന് 40 പോയിന്റ് ലഭിച്ചപ്പോൾ ഡൽഹിക്ക് 8.5 പോയിന്റാണ് ലഭിച്ചത്. അതേസമയം കേരളത്തിന്റെ സ്‌ഥാനം ഏഴാമതാണ്. പഠനത്തിന്റെ അടിസ്‌ഥാനത്തിൽ ലഭിച്ച പോയിന്റ് നിലയിൽ തെലുങ്കാന (28.5), പുതുച്ചേരി (25.6), കർണാടക (24.7), ഹിമാചൽപ്രദേശ്(24.2), ആന്ധ്രാപ്രദേശ് (24.0), കേരളം (22.2), മഹാരാഷ്ര്‌ട (21.4), തമിഴ്നാട് (21.1), ഛത്തീസ്ഗഡ് (21.1) എന്നീ സംസ്‌ഥാനങ്ങളാണ് സിക്കിമിനു പിറകിലുള്ള സംസ്‌ഥാനങ്ങൾ.

റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകൾക്കുമേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താത്ത സംസ്‌ഥാനങ്ങളാണ് സിക്കിം, കർണാടക തമിഴ്നാട് എന്നിവ. വനിതാ സംരംഭകർക്ക് വേണ്ടത്ര പ്രോൽസാഹനം നൽകാത്തതും ശിക്ഷാ വിധികൾ നടപ്പാക്കുന്നതിലെ താമസവും സ്ത്രീകൾ രാത്രിയിൽ ജോലി ചെയ്യുന്നതിലെ വിലക്കുമാണ് ഡൽഹിയെ പട്ടികയിൽ പിന്നിലാക്കിയത്. റിപ്പോർട്ട് വളരെ വാർത്താ പ്രധാന്യത്തോടെ യൂറോപ്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.

റിപ്പോർട്ട്: ജോർജ് ജോൺ