ഫോമ 2020: ഡാളസ് മലയാളി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു
Saturday, September 24, 2016 6:54 AM IST
ഡാളസ്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസി(ഫോമ)ന്റെ 2020 യിലെ അന്തർദേശീയ സമ്മേളം നോർത്ത് അമേരിക്കയിലെ പ്രമുഖ സാംസ്കാരിക നഗരമായ ഡാളസിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുവാൻ ഡാളസ് മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതായി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ അറിയിച്ചു.

ഫോമ സമ്മേളനം 2020 എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി അസോസിയേഷൻ ട്രസ്റ്റ് ബോർഡ് ചെയർമാനും ഫോമ പൊളിറ്റിക്കൽ ഫോറം ചെയർമാനുമായ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിൽ ബിജു തോമസ്, സാം മത്തായി, രവികുമാർ എടത്വ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.

നോർത്ത് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന പ്രവാസികളായ മലയാളികളുടെ സമഗ്രവും ക്രിയാത്മകവുമായ സാംസ്കാരിക, രാഷ്ട്രീയ സമന്വയവും പരസ്പര സഹകരണവും അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് വിദേശ മലയാളികൾ ഇന്നു കടന്നുപോകുന്നതെന്ന് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

2020 ലെ ഫോമാ സമ്മേളനം ഡാളസിൽ നടത്തുന്നതിനുള്ള അവസരം ലഭിച്ചാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളെയും പ്രമുഖ വ്യക്‌തികളെയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ പൊതുവായ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടും ഫോമയ്ക്കു കാലോചിതമായ ഒരു ദിശ ഒരുക്കുവാൻ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു.

ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഏബ്രഹാം കെ. ഈപ്പൻ, മക്കാലൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ വേണാട്ട്, ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡന്റ് സാം ജോൺ തുടങ്ങിയവർ ഡാളസ് ഫോമ കൺവൻഷന് പിന്തുണയും സഹകരണവും നൽകിയതായി ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

റിപ്പോർട്ട്: ബിനോയ് സെബാസ്റ്റ്യൻ