കുവൈറ്റ് എയർവേസ് സ്വകാര്യവത്ക്കരണം : പൈലറ്റുമാരെ പിരിച്ചുവിട്ടതായി ആരോപണം
Sunday, September 25, 2016 1:07 AM IST
കുവൈത്ത്: സ്വകാര്യവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് എയർവേസ് സ്വദേശി പൈലറ്റുകളെ പിരിച്ചുവിട്ടതായി ആരോപണം. ഏറെക്കാലമായി നഷ്ടത്തിൽ പറക്കുന്ന കുവൈത്ത് എയർവേസിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ സ്വകാര്യവത്കരണ നടപടികൾ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇതിെൻറ ഭാഗമായി 2012 നവംബറിൽ കുവൈത്ത് എയർവേസ് കോർപറേഷൻ എന്ന പേര് കുവൈത്ത് എയർവേസ് കമ്പനി എന്നാക്കി മാറ്റുകയും ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു. കുവൈത്ത് എയർവേസിനെ സ്വകാര്യ ഇൻവെസ്റ്റ്മെൻറ് കമ്പനിയായി മാറ്റാനുള്ള തീരുമാനത്തിന് രണ്ടുവർഷം മുമ്പ് പാർലമെൻറിെൻറ പച്ചക്കൊടി കിട്ടിയിരുന്നു. എന്നാൽ, നിയമം പ്രാബല്യത്തിലായിട്ടില്ല.

വിദേശി വൈമാനികർക്ക് നിയമനം നൽകുന്നതിനുവേണ്ടിയാണ് സ്വദേശികളെ പിരിച്ചുവിടുന്നതെന്ന് ആരോപണമുയർന്നതിനെ തുടർന്ന് രാജ്യത്ത് ശക്‌തമായ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. പിരിച്ചുവിട്ടവർ കുവൈത്ത് എയർവേസ് ഓഫിസിന് മുന്നിൽ സമരം ചെയ്യുവാൻ തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ