ഗ്രേപ് ടെൽ ഉദ്ഘാടനം ചെയ്തു
Monday, September 26, 2016 4:00 AM IST
ദുബായ്: യുഎഇയിലെ ടെലികോം ബിസിനസ് രംഗത്തെ സജീവ സാന്നിധ്യമായ ജിടി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭം ഗ്രേപ് ടെൽ ടെലികമ്യൂണിക്കേഷന്റെ ഉദ്ഘാടനം പി.വി. അബ്ദുൽ വഹാബും ഡിഎം ആസ്റ്റർ ഹെൽത്ത് കെയർ ചെയർമാൻ ആസാദ് മൂപ്പനും ചേർന്ന് നിർവഹിച്ചു.

പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ സേവനം ചെറുകിട, വൻകിട കമ്പനികളിലേക്ക് ഫലപ്രദമായ രീതിയിൽ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ പിറവിയെടുത്ത ഗ്രേപ് ടെല്ലിന്റെ കടന്നുവരവ് ഗൾഫ് ടെലികോം രംഗത്ത് ഒരു പുത്തൻ ചുവടുവയ്പായി മാറും. ഉപഭോക്‌താവിന്റെ താത്പര്യവും ആവശ്യകതയും മനസിലാക്കി ലളിതവും സുതാര്യവുമായ രീതിയിൽ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത്തിസലാത്തിനോടും ഡു വിനോഡും ചേർന്ന് പ്രവർത്തിക്കുന്ന തങ്ങൾക്കു ഉപഭോക്‌താവ് മുടക്കുന്ന പണത്തിന്റെ മൂല്യം സേവനങ്ങളിലൂടെ തിരിച്ചുനൽകുകയെന്ന ലക്ഷ്യം പൂർണതയിലെത്തിക്കാനാവുമെന്നു ജിടി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. ഷമീന സലീം പറഞ്ഞു.

ഗുണനിലവാരമുള്ള സേവനവും ഉപഭോക്‌താവുമായുള്ള മികച്ച ബന്ധവുമാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഡയറക്ടർമാരായ ഫൈസൽ മുഹമ്മദ്, സിബി ശ്യാം എന്നിവർ പറഞ്ഞു.