സഞ്ചാരികൾക്കായി ആഡംബര യാത്രാപാക്കേജുകൾ
Monday, September 26, 2016 4:45 AM IST
മൈസൂരു: ദസറയിൽ പങ്കെടുക്കാനെത്തുന്നവർക്കായി കർണാടക സംസ്‌ഥാന വിനോദസഞ്ചാര വികസന കോർപറേഷൻ രണ്ട് ആഡംബര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. സ്വർണരഥം എന്ന പേരിൽ ട്രെയിൻ യാത്രാ പാക്കേജും രാജകീയ പാത എന്ന പേരിൽ ബസ് യാത്രാ പാക്കേജുമാണ് പ്രഖ്യാപിച്ചത്. കൂടാതെ ഒരു ദിവസം മാത്രമുള്ള മൈസൂരു ഹെറിറ്റേജ് വാക്ക് എന്ന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലാണ് സ്വർണരഥം സർവീസ് നടത്തുന്നത്. ഒരു പാക്കേജിൽ 88 പേർക്ക് യാത്ര ചെയ്യാം. ഒരാൾക്ക് 30,000 രൂപയാണ് നിരക്ക്. രാവിലെ എട്ടിന് ബംഗളൂരുവിൽ നിന്നുള്ള സന്ദർശകരുമായി യശ്വന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടും. തുടർന്ന് ശ്രീരംഗപട്ടണത്തിലെത്തിയ ശേഷം രാത്രി മൈസൂരുവിൽ തങ്ങും. പിറ്റേന്നു സഞ്ചാരികളെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കും. മൈസൂരു കൊട്ടാരത്തിൽ വൈകുന്നേരം നടക്കുന്ന കലാപരിപാടികൾക്കു ശേഷം സന്ദർശകരെ തിരികെ ബംഗളൂരുവിലെത്തിക്കുന്ന തരത്തിലാണ് പാക്കേജ്.

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ഒമ്പതു വരെയാണ് രാജകീയപാത സർവീസ് നടത്തുന്നത്. സഞ്ചാരികളെ എല്ലാദിവസവും മൈസൂരുവിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തിക്കുന്നതാണ് ഈ പാക്കേജ്. ആളൊന്നിന് 999 രൂപയാണ് നിരക്ക്. മൈസൂരു കൊട്ടാരത്തിൽ നിന്നു രാവിലെ പത്തിനാണ് യാത്ര പുറപ്പെടുന്നത്. തുടർന്ന് ജഗമോഹൻ കൊട്ടാരം, ലളിതമഹൽ കൊട്ടാരം, ജയലക്ഷ്മിവിലാസ്, കരഞ്ചി, ചേലുവമ്പ, അലോക കൊട്ടാരങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരം ആറരയോടെ മൈസൂരു കൊട്ടാരത്തിൽ തിരികെയെത്തും.സംസ്‌ഥാന വിനോദസഞ്ചാര വികസന കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈസൂരുവിലെ ഓഫീസ് വഴിയോ പാക്കേജുകൾ ബുക്ക് ചെയ്യാനാകും.

ഓഫറുകളുമായി ഹോട്ടലുകൾ

മൈസൂരു: ദസറ പ്രമാണിച്ച് സഞ്ചാരികൾക്ക് ഓഫറുകളുമായി മൈസൂരുവിലെ ഹോട്ടലുകൾ. കേരളം, തമിഴ്നാട് സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ലോഡ്ജുകളിൽ രണ്ടു മാസത്തേക്ക് 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാവേരി വിഷയത്തെ തുടർന്ന് നഗരത്തിലെ വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെയാണ് ഓഫറുകൾ ഏർപ്പെടുത്താൻ ഹോട്ടലുകൾ നിർബന്ധിതരായത്.

അതേസമയം, മുറിയെടുക്കാനെത്തുന്നവർ മേൽവിലാസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. അസോസിയേഷന്റെ ഭാഗമായ 270 ഹോട്ടലുകളിൽ സന്ദർശകർക്ക് ഇളവു ലഭിക്കും. അതേസമയം, റസ്റ്റോറന്റുകളിൽ ഇളവു ലഭിക്കില്ല. നവംബർ അഞ്ചു വരെ നടക്കുന്ന മൈസൂരു ഷോപ്പിംഗ് ഫെസ്റ്റിവൽ കൂടി കണക്കിലെടുത്താണ് ഇളവ് പ്രഖ്യാപിച്ചത്.