സ്കന്തോർപ് മലയാളികൾ ഓണം ആഘോഷിച്ചു
Monday, September 26, 2016 4:53 AM IST
ലണ്ടൻ: സ്കന്തോർപ് മലയാളി അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 17ന് അംഗങ്ങൾ ചേർന്ന് ഓണപൂക്കളം ഒരുക്കിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

എക്സിക്യൂട്ടീവ് അംഗങ്ങൾ ഒന്നിച്ചുചേർന്ന് നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓണക്കളികളിൽ മുതിർന്നവരും കുട്ടികളും പങ്കെടുത്തു. വിവിധ ടീമുകൾ തമ്മിലുള്ള വാശിയേറിയ വടംവലി മത്സരത്തിന് ഡോ. ജോർജും ഡോ. രഞ്ജിത്തും നേതൃത്വം നൽകി. തുടർന്ന് ഓണസദ്യ വിളമ്പി.

ഉച്ചകഴിഞ്ഞു നടന്ന സാംസ്കാര ഘോഷയാത്രയിൽ തുറന്ന വാഹനത്തിലെത്തിയ മാവേലിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മാവേലിയായി മാത്തായി കാരിക്കൽ വേഷമിട്ടു.

അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക മേളയിലെ വിജയിയായ കർഷകശ്രീ ഷൈജു പി. വർഗീസിനെ മാവേലി പൊന്നാടയണിയിച്ച് ആദരിച്ചു. അസോസിയേഷൻ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള മാതാപിതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. എ ലെവൽ പരീക്ഷയിൽ വിജയം നേടിയ കുട്ടികളെയും ജിസിഎസ്ഇ ൽ 10 എപ്ലസ് നേടിയ നികിത ബെന്നിയെയും മറ്റു ഉന്നതവിജയം നേടിയ കുട്ടികളെയും സമ്മേളനത്തിൽ അനുമോദിച്ചു. പ്രസിഡന്റ് മനോജ് വാണിയാപുരയ്ക്കൽ, സെക്രട്ടറി ഡൊമിനിക് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജിമ്മിച്ചൻ ജോർജ്