ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വൻ വിജയം
Monday, September 26, 2016 4:54 AM IST
ലീഗ് സിറ്റി: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ പൊന്നോണം സെപ്റ്റംബർ 24ന് ലീഗ് സിറ്റിയിലെ നൈറ്റ് ഓഫ് കൊളമ്പസ് (Kinght of Colombus) ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

കേരളീയ വസ്ത്രം ധരിച്ചെത്തിയ നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത ഓണാഘോഷ പരിപാടി പാരമ്പര്യ തനിമ നഷ്‌ടപ്പെടുത്താതെ ലീഗ് സിറ്റി മലയാളികൾ പ്രൗഢ ഗംഭീരമാക്കി.

രാവിലെ 9.30ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്‌ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു. തുടർന്നു ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് സമൂഹത്തിലെ മുതിർന്നവർ ബാല്യകാല ഓണ സ്മരണകൾ അനുസ്മരിച്ചു. ലീഗ് സിറ്റിയിലെ മലയാളി കുരുന്നുകളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾ അരങ്ങേറി. അത്തപൂക്കളവും മാവേലി തമ്പുരാനും പുലികളിയും ചെണ്ടമേളവും നാടൻ പാട്ടുകളും വടംവലി മത്സരവും ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായിരുന്നു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രശ്മി നായരുടെ സംഗീത വിരുന്നും കലാഭവൻ ജയന്റെ കോമഡി ഷോയും കാണികളുടെ മനം കവർന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി