സർഗം ഓണാഘോഷം ഓണം ആഘോഷിച്ചു
Monday, September 26, 2016 4:54 AM IST
കലിഫോർണിയ: സാക്രമെന്റോ റീജണൽ മലയാളി അസോസിയേഷൻ (സർഗം) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.

അമേരിക്കൻ കോൺഗ്രസിലെ ഏക ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്മാൻ അമി ബേറ, ചെയർമാൻ ടോം പഴനിലം, പ്രസിഡന്റ് സിജിൽ പാലക്കലോടി, ഇൻഫന്റ് ജീസസ് മിഷൻ വികാരി ഫാ. സിബി കുര്യൻ, ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ പ്രസിഡന്റ് വിനോദ് ബാലകൃഷ്ണ, മാവേലിയായ ജോസ് വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന അമി ബേറ, മലയാളി സമൂഹത്തിലെ വളർന്നുവരുന്ന തലമുറ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പ്രസിഡന്റ് സിജിൽ പാലക്കലോടി അധ്യക്ഷത വഹിച്ചു.

തുടർന്നു നടന്ന ഓണസദ്യയോടെ ആഘോഷ പരിപാടികൾക്കു തുടക്കമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ച ഘോഷയാത്രയും പുലികളിയും അത്തപൂക്കളവും തിരുവാതിരയും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. കൾചറൽ കോഓർഡിനേറ്റർമാരായ സെൽവ ആലങ്ങാട്, സംഗീത ഇന്ദിര എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാവിരുന്നുകൾ ആഘോഷത്തിന് മാറ്റുകൂട്ടി. ട്രഷറർ വിൽസൺ നെച്ചിക്കാട്ട്, ജോ. സെക്രട്ടറി മൃദുൽ സദാനന്ദൻ, സെക്രട്ടറി രശ്മി നായർ, ആലീസ് തമ്പി, ജോർജ് പുളിച്ചുമാക്കൽ, മാത്യു പാലക്കോത്ത്, ബൈജു ആന്റണി, സജി ജോസഫ്, വൈസ് പ്രസിഡന്റ് സജി മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രമേശ് ഇല്ലിക്കൽ, ഡിംപിൾ ബിജു, റോസ്മി ആലങ്ങാടൻ, കൃഷ്ണപ്രിയ നായർ ആഘോഷ പരിപാടികളുടെ എംസിമാരായിരുന്നു.