ഓണാഘോഷ പെരുമയിൽ ലൂക്കൻ മലയാളി ക്ലബ്
Tuesday, September 27, 2016 12:03 AM IST
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്റെ പത്താം ഓണാഘോഷം ജനപങ്കാളിത്തംകൊണ്ടും മികവുറ്റ കലാപരിപാടികൾകൊണ്ടും വർണാഭവും അവിസ്മരണീയവുമായി. പത്തുദിവസം നീണ്ടുനിന്ന ആഘോഷത്തിന്റെ സമാപനം പെരുമയും ഒരുമയും തനിമയും നിറഞ്ഞ പൊന്നോണപ്പൂവരങ്ങ് സമ്മാനിച്ചു.

പാമേഴ്സ് ടൗൺ സ്കൂൾ ഹാളിൽ നിറഞ്ഞ സദസിനെ സാക്ഷിനിർത്തി ജിപ്സൺ ജോസഫിന്റെ മാതാപിതാക്കളായ ജോസ് ജോസഫും, വത്സമ്മ ജോസും, വൈസ് പ്രസിഡന്റ് തമ്പി മത്തായിയും ചേർന്നു നിലവിളക്ക് കൊളുത്തി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കായികമത്സരങ്ങൾക്കും വടംവലിക്കുംശേഷം റോയൽ കേറ്റേഴ്സ് ഓണസദ്യ നടത്തി.

ഓണത്തിന്റെ ഐതിഹ്യം ഉൾപ്പെടുത്തി ഇരുപതോളം കുട്ടികൾ ഓണസ്കിറ്റ് അവതരിപ്പിച്ചു. ഓണാഘോഷത്തിനു നേതൃത്വം വഹിച്ചവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സിജോ കാച്ചപ്പള്ളി ആൻഡ് ടീം ഒരുക്കിയ അത്തപ്പൂക്കളം കേരളത്തനിമ വിളിച്ചോതി. മാവേലിയായി ബിജു മാങ്കോട്ടിൽ രംഗത്തുവന്നപ്പോൾ, കുട്ടികളുടെ സ്കിറ്റിൽ ബിജുവിന്റെ പുത്രൻ സാം കൊച്ചുമാവേലിയായി രംഗത്തുവന്നത് കൗതുകമുണർത്തി.

പങ്കെടുത്ത ആറു മത്സരങ്ങളിലും വിജയം നേടി ഗ്രേസ് ബെന്നി ലൂക്കന്റെ താരമായി. ജെറീന ജോസ് അവതാരകയായിരുന്നു. ഷൈബു കൊച്ചിൻ, ഉദയ് നൂറനാട്, പ്രിൻസ് അങ്കമാലി, ലിജോ അലക്സ് എന്നിവർ കലാപാരിപാടികളുടെ കോർഡിനേറ്റർമാരായിരുന്നു.

റിപ്പോർട്ട്: രാജു കുന്നക്കാട്ട്