പാരീസിൽ ടൂറിസവികസനം പുതിയ പാതയിൽ
Tuesday, September 27, 2016 3:37 AM IST
പാരീസ്: പാരീസ് നഗരത്തിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സിറ്റി കോർപറേഷന്റെ നേതൃത്വത്തില് വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. രണ്ടു മില്യൻ യൂറോയാണ് ഇതിനായി ചെലവഴിക്കുക. ഇതോടൊപ്പം സിനിമാ സംബന്ധമായ ഷൂട്ടിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായും എല്ലാ ക്രമീകരണങ്ങളും ലഘൂകരിക്കും.

ഹോട്ടൽ ലസൂണില് പാരീസ് മേയർ ആൻ ഹിഡാല്ഗോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പാരീസിന്റെ മനോഹാരിത ഒപ്പിയെടുത്തു തയാറാക്കിയ ലഘു പ്രൊമോഷൻ ചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു. തീവ്രവാദ ആക്രമണങ്ങൾ മൂലം പാരീസ് നഗരത്തിന് ടൂറിസം രംഗത്തുണ്ടായിട്ടുള്ള ഇടിവ് പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

പാരീസിന്റെ സ്വീകാര്യത ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും ലോകമെമ്പാടും എത്തിക്കുക എന്നതും ലക്ഷ്യമിടുന്നു. ചടങ്ങിൽ, ഡെപ്യൂട്ടി മേയർ ജീൻ ഫ്രാൻസ്വാ മാർട്ടിന്, ഡിയോർ ഡയറക്ടർ ജനറൽ സിഡ്നി ടോലെടാനോ, എയർ ഫ്രാൻസ് ഡയറക്ടർ ജനറൽ ഫ്രഡറിക് ഗാജി, ഫിലിം ഡയറക്ടർ ജലീൽ ലെസ്പെരട്, മലയാളി മാധ്യമ പ്രവർത്തകൻ കെ.കെ. അനസ്, വിവിധ രാജ്യങ്ങളിലെ വിദേശ മാധ്യമ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ