ന്യൂൺബർഗ് മലയാളി സമൂഹം തിരുവോണം ആഘോഷിച്ചു
Tuesday, September 27, 2016 3:38 AM IST
ന്യൂൺബർഗ്: ന്യൂൺബർഗിലെ മലയാളി സമൂഹം തിരുവോണം ആഘോഷിച്ചു. റ്റെന്നെൻലോഹെയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളി ഹാളിൽ സെപ്റ്റംബർ 17ന് രാവിലെ ആരംഭിച്ച ആഘോഷത്തിൽ ന്യൂൺബെർഗിന് പുറമെ എർലാംഗൻ, ഫ്യുർത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം പ്രഫഷണലുകൾ പങ്കെടുത്തു.

മോൺ. മാത്യു കിളിരൂർ ഓണസന്ദേശം നൽകി. ഡോ. റാണി പാലക്കൽ ആശംസകൾ നേർന്നു. ചടങ്ങിൽ ന്യൂൺബെർഗിൽ പുതുതായി രൂപീകരിച്ച മലയാളി സമാജത്തിന്റെ ലോഗോ മോൺ. മാത്യു കിളിരൂർ പ്രകാശനം ചെയ്തു.

സതീഷ് രാജന്റെയും ദീപ്തിയുടെയും നേതൃത്വത്തിൽ ഒരുക്കിയ ഓണപ്പൂക്കളവും സുജിത ജിതേഷിന്റെ നേതൃത്വത്തിൽ നീനു സൂസൻ ജോൺ, സരിത പിള്ള, ചിത്തിര കർത്ത, ജീനു ബിനോയ്, ആൽഫി തോമസ് തുടങ്ങിയവർ അവതരിപ്പിച്ച വിവിധ നൃത്തയിനങ്ങളും നടന്നു. മലയാളി മങ്ക, കേരള ശ്രീമാൻ മത്സരത്തിൽ ആൽഫി തോമസും ജോജിനും വിജയികളായി. അഫ്രീൻ ആരിഫ്, ആദിത്യ രജനീഷ്, സോഫിയ ഷാർഫ്, അദ്വയ് സുനീഷ് പി, സാനിക തുടങ്ങിയവരുടെ കലാപരിപാടികളും ദീപ്തി സുജിത്തിന്റെ നേതൃത്വത്തിൽ കുരുന്നുകളുടെ സംഘഗാനവും ഏവരുടെയും ശ്രദ്ധയാകർഷിച്ചു. അന്തരിച്ച കലാഭവൻ മണിയുടെ ബഹുമാനാർഥം അവതരിപ്പിച്ച നാടൻ പാട്ട് അഞ്ജു ശേഖറും മൃദുല സതീഷും ആലപിച്ചു. നിഖിൽ ചാൽക്കടവിൽ, നൈസിൽ പോൾ, ആരിഫ് മുഹമ്മദ് എന്നിവർ സംഘടിപ്പിച്ച വിവിധ ഓണക്കളികൾ ഓണത്തനിമ വിളിച്ചോതി. ബിനോയ് വർഗീസ്, സുജിത് മാനുവൽ എന്നിവർ പ്രസംഗിച്ചു. സതീഷ് രാജൻ, വൽസല ഹെർമാൻ എന്നിവർ അവതാരകരായിരുന്നു.

വത്സല ഹെർമാൻ, ലിഷ ഷാർഫ്, ബിനോയ് വർഗീസ്, സുജിത് മാനുവൽ, രെഞ്ജു തോമസ് വിളാകത്ത്, സതീഷ് രാജൻ, നിഖിൽ ജോർജ് ചാൽക്കടവിൽ, സുനിഷ് ജോർജ് ആലുങ്കൽ, നൈസിൽ പോൾ, ആരിഫ് മുഹമ്മദ്, ക്രിസ്റ്റി ലൂയിസ്, പി.കെ. ദീപ്ത്, ടി.സി. വിജയകുമാർ, ക്രിസ്റ്റി ലൂയീസ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ