സൗഹൃദ വേദി ഫർവാനിയ ഈദ് – ഓണം ആഘോഷം നടത്തി
Tuesday, September 27, 2016 3:39 AM IST
കുവൈത്ത്: സൗഹൃദ വേദി ഫർവാനിയ വിവിധ പരിപാടികളോടെ ഈദ് – ഒന്നാഘോഷം നടത്തി. സെപ്റ്റംബർ 22ന് ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ മനോജ് കാപ്പാട് ഓണ സന്ദേശവും അനീസ് ഫാറൂഖി ഈദ് സന്ദേശവും നൽകി. സഹോദര്യത്തിന്റേയും സഹവർത്തിത്വത്തിന്റേയും സ്നേഹത്തിന്റേയും പാശം മുറുകെ പിടിച്ചു സമൂഹ നന്മക്കായി എന്ത് ത്യാഗവും സഹിക്കാൻ തയാറാകണമെന്ന് ഇരു നേതാക്കളും സദസിനെ ഉത്ബോധിപ്പിച്ചു. സൗഹൃദവേദി പ്രസിഡന്റ് ജയദേവൻ അമ്പാടി അധ്യക്ഷത വഹിച്ചു. പി.ടി. ശരീഫ്, ഓമന കുട്ടൻ, വർഗീസ്, ജോയിന്റ് സെക്രട്ടറി രതീഷ് ശിവപ്രസാദ്, സെക്രട്ടറി അനന്തു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

മനോജ് പുതുമലയുടെ കവിതാലപനത്തോടെ ആരംഭിച്ച കലാപരിപാടിയിൽ, അർജ്‌ജുൻ, കൃഷ്ണൻ, നിഷാദ്, വി.എസ്. നജീബ്, ചെല്ലപ്പൻ, കെ.പി. നൗഫൽ, സുന്ദരൻ നായർ എന്നിവർ നയിച്ച ഗാനമേള അരങ്ങേറി. പ്യാരി ഓമന കുട്ടന്റെ ശിക്ഷണതിൽ ഫർവാനിയ കിഡ്സ് അവതരിപ്പിച്ച സംഘ നൃത്തം ശ്രദ്ധേയമായി. ലുജൈൻ ഖലീൽ നൃത്തവും ലയിക് അഹമ്മദ് ക്വിസ് മത്സരവും നടത്തി. ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി തയാറാക്കിയ ‘ജീവാമ്രതം’ ലഘു നാടകം കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

റിപ്പോർട്ട്: സലിം കോട്ടയിൽ