മലങ്കര കത്തോലിക്ക സഭ പുനരൈക്യ വാർഷികവും വാൽസിംഗ്ഹാം തീർഥാടനവും നടത്തി
Tuesday, September 27, 2016 6:07 AM IST
ലണ്ടൻ: സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലുള്ള വിവിധ സഭ കൂട്ടായ്മയുടെ നേതൃത്വത്തിൽ എൺപത്തിആറാമത് പുനരൈക്യ വാർഷികവും മരിയൻ തീർഥാടനവും വാൽസിംഗ്ഹാം മരിയൻ തീർഥാടന കേന്ദ്രത്തിൽ സെപ്റ്റംബർ 25ന് ആഘോഷിച്ചു.

രാവിലെ 11.30ന് പ്രഭാത പ്രാർഥനയോട് മരിയൻ വില്ലേജിൽനിന്ന് ആരംഭിച്ച പുനരൈക്യ റാലി തിരുവല്ല രൂപത സഹായ മെത്രാൻ ഫിലിപ്പോസ് മാർ സ്തെഫാനോസ് ആശിർവദിച്ചു. സഭയുടെ യുകെയിലെ 16 മിഷനുകളിൽനിന്നുള്ള വിശ്വാസികൾ പരിശുദ്ധ മാതാവിനെ സ്തുതിച്ചുകൊണ്ടുള്ള പ്രാർഥനയുമായി റാലിയിൽ പങ്കുചേർന്നു.

തുടർന്ന് മരിയൻ ബസിലിക്കയിൽ നടന്ന സമൂഹ ബലിയിൽ മാർ സ്തേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോസഫ് മലയാറ്റിൽ, യുകെ സഭാ കോഓർഡിനേറ്റർ ഫാ. ദാനിയേൽ കുളങ്ങര എന്നിവർ സഹകാർമികരായിരുന്നു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ വാത്സിംഗ്ഹാം തീർഥാടന കേന്ദ്രം റെക്ടർ മോൺ. ജോൺ ആർമിറ്റേജ് മലങ്കര സഭയുടെ എൺപത്തിആറാമത് പുനരൈക്യ വാർഷികത്തിന് ആശംസ നേർന്നു.

ചടങ്ങിൽ മരിയൻ തീർഥാടനത്തിനു നേതൃത്വം നൽകിയ വിവിധ മിഷനുകളുടെ ട്രസ്റ്റി, സെക്രട്ടറി പാസ്റ്റർ കൗൺസിൽ അംഗങ്ങൾ, എംസിവൈഎം പ്രവർത്തകർ എന്നിവരെ കോഓർഡിനേറ്റർ ഫാ. ദാനിയേൽ കുളങ്ങര അഭിനന്ദിച്ചു.