ഫോണും ഇമെയിലും ചോർത്താൻ സ്വിറ്റ്സർലൻഡിൽ നിയമനിർമാണം
Tuesday, September 27, 2016 8:02 AM IST
ബർലിൻ: നിരീക്ഷണ ആവശ്യങ്ങൾക്കായി ഫോൺ കോളുകളും ഇമെയിൽ സന്ദേശങ്ങളും ചോർത്താൻ സർക്കാർ ഏജൻസികളെ അനുവദിക്കുന്നതിന് സ്വിറ്റ്സർലൻഡ് നിയമനിർമാണം നടത്തും. ഈ നിർദേശം മുന്നോട്ടുവച്ചു നടത്തിയ ജനഹിത പരിശോധനയിൽ 65.5 ശതമാനം വോട്ടർമാരും അനുകൂല അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു.

ഏതു കുറ്റകൃത്യം സംബന്ധിച്ച അന്വേഷണമായാലും ഏതു സാഹചര്യത്തിലായാലും ഫോൺ കോളുകളും ഇമെയിലുകൾ നിരീക്ഷിക്കുന്നതിന് സ്വിറ്റ്സർലൻഡിൽ പോലീസിനു കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ഇത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളുടെ ശക്‌തി ഗണ്യമായി കുറയാൻ കാരണമാകുന്നു എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ നിയമ നിർമാണം.

യുഎസ് അടക്കമുള്ള രാജ്യങ്ങൾ ചെയ്യുന്നതുപോലെ പൗരൻമാരുടെ വിവരങ്ങൾ അപ്പാടെ ശേഖരിക്കാൻ സഹായിക്കുന്ന സംവിധാനങ്ങളൊന്നും ഏർപ്പെടുത്താനല്ല സ്വിറ്റ്സർലൻഡ് ഉദ്ദേശിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. പൊതുവായ നിരീക്ഷണം ഉദ്ദേശിക്കുന്നില്ല. ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രം നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും നിയമ നിർമാണെന്നും വിശദീകരണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ