വിയന്നയിൽ സെൻട്രൽ യൂറോപ്പ് യാക്കോബായ സുറിയാനി ഫാമിലി കോൺഫറൻസ് ഒക്ടോബർ 14, 15, 16 തീയതികളിൽ
Wednesday, September 28, 2016 2:02 AM IST
വിയന്ന: മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സെൻട്രൽ യൂറോപ്പ് ഭദ്രാസനത്തിന്റെ ആറാമത് ഫാമിലി കോൺഫറൻസ് ഒക്ടോബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

ഇതു മൂന്നാം തവണയാണ് വിയന്ന ഇടവക ഫാമിലി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. സെൻട്രൽ യൂറോപ്പ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് നേതൃത്വം നൽകുന്ന ഫാമിലി കോൺഫറൻസിൽ വിയന്ന, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, ഡെൻമാർക്ക്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ എന്നിവടങ്ങളിൽ നിന്നുള്ള കുടുംബങ്ങളും വൈദീകരും പങ്കെടുക്കും.

1 കോരി.12:27 ‘നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്’ എന്ന ചിന്താവിഷയത്തിലൂടെ ഓരോ കുടുംബങ്ങളും ഒത്തുചേരുമ്പോഴാണ് ക്രിസ്തു ശരീരം പൂർണമാകുന്നത് എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.

ദൈവവിശ്വാസത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിൽ സഭാവിശ്വാസികളെ വിശ്വാസത്തിൽ ആഴപ്പെടുത്താനും പുതിയ തലമുറകളെ വിശ്വാസ ജീവിതത്തിൽ ചേർത്ത് നിർത്തുവാനും കുടുംബ കൂട്ടായ്മകളിലൂടെ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് യോഗത്തിനു പ്രാധാന്യം നൽകുന്നത്.

14നു വൈകുന്നേരം അഞ്ചിന് കൊടി ഉയർത്തുന്നതോടെ കോൺഫറൻസിനു തുടക്കമാകും. 15നു സ്റ്റെഫാൻ ഫഡിങ്ങർ പ്ലാറ്സിലുള്ള പള്ളി ഹാളിലാണ് പരിപാടികൾ. തെയോഫിലോസും വിയന്ന ഇന്ത്യൻ കാത്തലിക് സമൂഹത്തിന്റെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളിയും ക്ലാസുകളെടുക്കും. കുട്ടികൾ, യുവതി യുവാക്കന്മാർ, മുതിർന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായായി തിരിച്ചായിരിക്കും പരിപാടികൾ നടക്കുക. 16ന് വിശുദ്ധ കുർബാനയോടെ കോൺഫറൻസ് അവസാനിക്കും.

കോൺഫറൻസിന്റെ ജനറൽ കൺവീനേഴ്സായി ഫാ. ജോഷി വെട്ടിക്കാട്ടിൽ, കമാൻഡർ ജോർജ് പടിക്കകുടി, ജോൺസൺ ചേലപ്പുറത്ത് എന്നിവരും ഭദ്രാസന കൗൺസിൽ അംഗങ്ങളായ തോമസ് ചേലപ്പുറത്ത്, ബാബു വേതാനിൽ, സെന്റ് മേരീസ് ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷെവലിയർ കുര്യാക്കോസ് തടത്തിൽ, ഷാജി ചേലപ്പുറത്ത്, പ്രദീപ് പൗലോസ്, യാക്കോബ് പടിക്കകുടി, വിവിധ ഇടവകളിൽ നിന്നുള്ള മറ്റു പ്രതിനിധികൾ അടങ്ങിയ ഭാരവാഹി
കളും കോൺഫറൻസിനു നേതൃത്വം നൽകും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ