ഷിക്കാഗോ സീറോ മലബാർ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു
Wednesday, September 28, 2016 2:25 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ‘ഡയറക്ടറി 2016’ സെപ്റ്റംബർ 13–നു ചൊവ്വാഴ്ച സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ സമ്മേളനത്തിൽ വച്ചാണ് പ്രകാശന കർമ്മം നടന്നത്. ഡയറക്ടറിയുടെ ആദ്യ കോപ്പി ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, മേജർ ആർച്ച് ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങി.



2001 മാർച്ച് 13–നു സ്‌ഥാപിതമായ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ആദ്യത്തെ ഈ ഡയറക്ടറിയിൽ രൂപതയുടെ നാളിതുവരെയുള്ള വളർച്ചയുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രൂപതയുടെ കീഴിലുള്ള ഫൊറോനകൾ, ഇടവകകൾ, മിഷനുകൾ, രൂപതയിൽ സേവനം ചെയ്യുന്ന വൈദീകർ, സെമിനാരിക്കാർ, സന്യാസി–സന്യാസിനി സമൂഹങ്ങൾ, വിവിധങ്ങളായ അപ്പോസ്തലേറ്റുകൾ, സാർവ്വത്രിക സഭ, അമേരിക്കയിലെ കത്തോലിക്കാ സഭ, സീറോ മലബാർ ഹയരാർക്കി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

രൂപതയുടെ ഘടനയും രൂപവും നിർണ്ണയിക്കുന്നതിൽ ഡയറക്ടറി സുപ്രധാന പങ്കുവഹിക്കുമെന്നു രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം