യുക്മ മിഡ്ലാൻഡ്സ് റീജണൽ കലാമേള: ആലോചനാ യോഗം ഒക്ടോബർ രണ്ടിന് നോട്ടിംഗ്ഹാമിൽ
Wednesday, September 28, 2016 6:07 AM IST
ലണ്ടൻ: നോട്ടിംഗ് ഹാമിൽ ഒക്ടോബർ 22ന് നടക്കുന്ന യുക്മ മിഡ്ലാൻഡ്സ് റീജണൽ കലാമേളക്ക് ഒരുക്കമായി നടത്തുന്ന ആലോചനാ യോഗം രണ്ടിന് (ഞായർ) നോട്ടിംഗ്ഹാമിൽ ചേരുന്നു. യുക്മ റീജണൽ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും റീജണിൽ നിന്നുമുള്ള ദേശീയ നേതാക്കളും മുൻ ഭാരവാഹികളും പ്രവർത്തകരും എൻഎംസിഎയിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

ഇതു രണ്ടാം തവണയാണ് നോട്ടിംഗ്ഹാം വേദിയാകുന്നത്. യുക്മയുടെ റീജണൽ കലാമേളകളിൽ ഏറ്റവും വലിയ കലാമേളയാണിത്. മൂന്നു വേദികളിലായി ഏകദേശം അഞ്ഞൂറോളം മത്സരങ്ങൾ അരങ്ങിലെത്തുന്ന കലാമേള രാവിലെ പത്തിന് ആരംഭിച്ച് രാത്രി എട്ടിന് അവസാനിക്കും.

വിവിധ റീജണൽ കലാമേളകളിലെ ആദ്യ മൂന്നു സ്‌ഥാനക്കാർക്കാണ് ദേശീയ കലാമേളയിൽ പങ്കെടുക്കാനവസരം. നവംബർ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ്ലാൻഡ്സ് റീജണിലെ കോവൻട്രിയിൽ നടത്ത പ്പെടുന്നതിനാൽ ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് റീജണിലെ അംഗ അസോസിയേഷനുകൾ.