കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണം ആഘോഷിച്ചു
Wednesday, September 28, 2016 6:08 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 17ന് കോപ്പേൽ സെന്റ് അൽഫോൻസ് ചർച്ചിലായിരുന്നു ആഘോഷപരിപാടികൾ.

അസോസിയേഷൻ വൈസ് പ്രസിഡന്റ് ആൻസി ജോസഫ്, സോഷ്യൽ ഡയറക്ടർ രമ സുരേഷ്, എഡ്യൂക്കേഷൻ ഡയറക്ടർ സോണിയ തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ചാണ് ഓണാഘോഷ പരിപാടിക്ക് ആരംഭം കുറിച്ചത്. മുൻ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള മുഖ്യാതിഥിയായി പങ്കെടുത്ത് തിരുവോണ സന്ദേശം നൽകി. ബോബൻ കൊടുവത്ത്, ഷിജു ഏബ്രഹാം, സോണിയ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ അവാർഡ് ദാനം നടന്നു. തുടർന്നു അസോസിയേഷൻ കലാകാരന്മാർ അണിയിച്ചൊരുക്കിയ പൂക്കളവും വിവിധ കലാപരിപാടികളും മാവേലിയുടെ എഴുന്നള്ളത്തും ആഘോഷത്തിനു മാറ്റു കൂട്ടി. ഓണസദ്യയോടെ ആഘോഷങ്ങൾക്കു സമാപനമായി.

പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ പ്രസംഗിച്ചു. ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു.

റിപ്പോർട്ട്: അനശ്വരം മാമ്പിളളി