പൽപക് ഓണാഘോഷം സെപ്റ്റംബർ 30ന്
Wednesday, September 28, 2016 6:09 AM IST
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ
ഓണാഘോഷം ‘പൊന്നോണം 2016’ സെപ്റ്റംബർ 30ന് (വെള്ളി) അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും.

രാവിലെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യാഥിതിയായിരിക്കും. വിവിധയിനം കലാപരിപാടികളും യുവ ഗായകരായ അസ്ലാമും രേഷ്മയും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള, നൂറിൽ പരം പൽപക്കിന്റെ സ്ത്രീകൾ അണിനിരക്കുന്ന സംഘ തിരുവാതിര, കൊടുങ്ങല്ലൂർ കടുപ്പശേരി മനയിൽ നിന്നുള്ള പാചക വിദഗ്ധർ തയാറാക്കുന്ന ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ ഭാഗമായിരിക്കും.

പാലക്കാട് സർക്കാർ ജില്ലാ ആശുപത്രി, ജില്ലയിലെ കൊടുവായൂർ സർക്കാർ വികലാംഗ വൃദ്ധസദനം, ലക്കിടിയിലെ പൊളിഗാർഡൺ മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ അന്തേവാസികൾക്കു പൽപക് സൗജന്യ ഭക്ഷണം നൽകാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.

പത്താം വാർഷികത്തോടനുബന്ധിച്ചു അടുത്ത വർഷം പാലക്കാട് ജില്ലാ ആശുപത്രിക്കുവേണ്ടി പൽപക് സൗജന്യമായി സജ്‌ജീകരിച്ചുകൊടുക്കുന്ന അമ്മയും കുഞ്ഞും എന്ന പ്രസവ വാർഡിന്റെ വിശദ വിവരങ്ങളും ഈവർഷം മുതൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്‌ഥമാക്കുന്ന പൽപകിന്റെ എട്ടു മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള എല്ലാ കുട്ടികളെയും അനുമോദിക്കാനും തീരുമാനമായതായി ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ