‘അക്രമികളായ അധിനിവേശക്കാരെ മഹത്വവത്കരിക്കുന്നത് രാജ്യത്തിന് അപമാനം’
Wednesday, September 28, 2016 6:10 AM IST
തുല്യതയില്ലാത്ത ക്രൂരതകളും അതിനിഷ്ഠൂരമായ കൊലപാതകങ്ങളും ഭീകരമായ കൊള്ളയും മാനഭംഗങ്ങളും നടത്തിയ കുപ്രസിദ്ധരായ അധിനിവേശക്കാരായിരുന്നു പോർച്ചുഗീസുകാരെന്നും അവർക്കു നേതൃത്വം നൽകിയ വാസ്കോഡഗാമയുടെ പേരിൽ യൂണിവേഴ്സിറ്റികളിൽ പ്രത്യേക ചെയർ സ്‌ഥാപിച്ചുകൊണ്ടും മറ്റും മഹത്വവത്കരിക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്നും പ്രശസ്ത ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ്. ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന തന്റെ ഗ്രന്ഥത്തിന്റെ പ്രചാരണാർഥം കുവൈത്തിലെത്തിയപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പല ഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളിൽ നടന്ന ചെറുതും വലുതുമായ നിരവധി ത്യാഗപൂർണമായ പോരാട്ടങ്ങളടങ്ങിയതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. ഈ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെല്ലാം പതിനായിരക്കണക്കിന് ഇന്ത്യക്കാർ രക്‌തസാക്ഷികളായിട്ടുണ്ട്. എല്ലാ മതവിഭാഗത്തിൽപെട്ടവരും ഇത്തരം പോരാട്ടങ്ങളിൽ നേതൃത്വം കൊടുക്കുകയും അണി നിരക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് സാംസ്കാരികമായി ഗോവയുടെ അവസ്‌ഥ ഉണ്ടാകാതിരുന്നത് സാമൂതിരി രാജാവിനുവേണ്ടി കുഞ്ഞാലി മരക്കാർമാർ പോർച്ചുഗീസുകാർക്കെതിരെ ശക്‌തമായ പ്രതിരോധം തീർത്തു പോരാടിയതിനാലാണ്. ജാലിയൻ വാലാബാഗ് കൂട്ടകൊലക്കു നേതൃത്വം കൊടുത്ത ജനറൽ മൈക്കിൾ ഒ ഡയറിനെ വർഷങ്ങളോളം പിന്തുടർന്ന് ഒടുക്കം ലണ്ടനിലെ മീറ്റിംഗ് ഹാളിൽ വെടിവച്ചു കൊന്ന ധീരരക്‌ത സാക്ഷി ഉദ്ധം സിംഗ് ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മർദ്ദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും തന്റെ പേര് വെളിപ്പെടുത്തിയത് റാം മുഹമ്മദ് സിംഗ് ആസാദ് എന്നായിരുന്നു. ജാതി മത ഭേദമെന്യേ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളെയും ധീരന്മാരായ പോരാളികളെയുമൊക്കെ മാറ്റി നിർത്തിക്കൊണ്ട് അസത്യങ്ങളും അസംബന്ധങ്ങളും കുത്തി നിറച്ച വ്യാജ ചരിത്ര നിർമിതിയിലൂടെ ഇന്ത്യാരാജ്യത്തിന്റെ ഉജ്വലമായ മതേതര പാരമ്പര്യത്തെ തകർത്തുകൊണ്ട് സങ്കുചിത ദേശീയതയെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. യഥാർഥ ചരിത്രവസ്തുതകൾ കണ്ടെത്താനും പഠിക്കാനും നാം തയാറാകണം. അതിലൂടെ മാത്രമേ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയിലധിഷ്ഠിതമായ രാഷ്ര്‌ടീയ സാംസ്കാരിക പാരമ്പര്യത്തെ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഇത്തരമൊരു ദൗത്യ നിർവഹണത്തിന്റെ ഭാഗമായി നടത്തിയ പരിശ്രമമാണ് തന്റെ ‘ഇന്ത്യ ഇരുളും വെളിച്ചവും’ എന്ന ഗ്രന്ഥം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. കോയ വളപ്പിൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ അസീസ് മാസ്റ്റർ പുസ്തക പരിചയം നിർവഹിച്ചു. ഫാസിൽ കൊല്ലം, മൻസൂർ കുന്നത്തേരി, ഷാഹുൽ ബേപ്പൂർ എന്നിവർ പ്രസംഗിച്ചു. സലിം പാലോത്തിൽ, നാണു പുളിക്കൂൽ, ഗഫൂർ അത്തോളി, സി.കെ. ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ