സെന്റ് മേരീസ് 5K Run/walk ന് ആവേശകരമായ പ്രതികരണം
Wednesday, September 28, 2016 8:01 AM IST
റോക്ലൻഡ് : റോക്ലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് മേരീസ് യൂത്ത് ലീഗ് (SMYLE) ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24നു നടന്ന നാലാമത് 5K Run/walkന് ആവേശകരമായ പ്രതികരണം.

രാവിലെ 10ന് റോക്ലൻഡ് സ്റ്റേറ്റ് പാർക്കിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ ജാതിമതഭേദമെന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.

ഇടവകവികാരി ഫാ. ഡോ. രാജു വർഗീസിന്റെ പ്രാർഥനയോടെ ഓട്ടം ആരംഭിച്ചു. 350–ഓളം പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഓട്ടത്തിൽനിന്നും സമാഹരിച്ച 10,350 ഡോളർ വികാരി റവ. ഡോ. രാജു വർഗീസ്, ട്രസ്റ്റി ജോൺ ജേക്കബ്, സെക്രട്ടറി എലിസബത്ത് വർഗീസ് എന്നിവർ ചേർന്ന്, ലൂക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റി ഭാരവാഹികളെ ഏൽപിച്ചു.

പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും നിയമങ്ങളെയും കുറിച്ച് സിജു ഫിലിപ്പ്, ജിജി കുര്യൻ, ബെക്കി ഫിലിപ്പ്, ലീനാ പോൾ എന്നിവർ വിശദീകരിച്ചു. പത്തുവയസിന് താഴെയുള്ള കുട്ടികൾ ചേർന്ന് അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ബെറ്റ്സി തോമസ് വാം –അപ്പിനു നേതൃത്വം നൽകി.

2013 ൽ ആരംഭിച്ച ഈ ഉദ്യമം നാലുവർഷം കൊണ്ട് 40,000 ഡോളറിലേറെ സമാഹരിച്ച് ലൂക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റി, മൈക്കിൾ ജെ ഫോക്സ് ഫൗണ്ടേഷൻ, ലവ് 146 എന്നീ സംഘടനകൾക്ക് നൽകാനായത് ഇടവകയിലെ യുവജനങ്ങളുടെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ്. ഇടവകയിലെ യുവജനങ്ങൾ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5ഗ ഓട്ടത്തിനും നടത്തത്തിനും എല്ലാ വിഭാഗം ആളുകളുടെയും വൻ പിന്തുണയാണ് ലഭിക്കുന്നത്.

ഡിജെ യുഎസ്എ, അനിഷ് തിവാലി ഫോട്ടോഗ്രഫി, ആംപ്സ്കോ ഇലക്ട്രിക്കൽസ് തുടങ്ങിയ സ്‌ഥാപനങ്ങളാണ് പരിപാടിയുടെ സ്പോൺസർമാർ. വരുംവർഷങ്ങളിലും പരിപാടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേർ മുന്നോട്ടു വരുന്നത് ഭാരവാഹികൾക്ക് ആത്മവിശ്വാസം പകരുന്നു.

ലൂക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റിക്ക് സംഭാവന നൽകുന്നതിലൂടെ മാരകമായ രക്‌താർബുദത്തിന് പ്രതിവിധി ഉണ്ടാകാൻ ഈ ഉദ്യമം സഹായിക്കട്ടെ എന്ന് സംഘാടകർ പ്രത്യാശിക്കുന്നു.

വിവരങ്ങൾക്ക്: റവ. ഡോ. രാജു വർഗീസ് (വികാരി) 914 426 2529, ജോൺ ജേക്കബ് 201 857 0064, എലിസബത്ത് വർഗീസ് 201 563 4069,
email: s.john.philip @gmail.com

റിപ്പോർട്ട്: ജോർജ് തുമ്പയിൽ