ചെറുപ്പത്തിന്റെ ആവേശവും സ്നേഹത്തിന്റെ പുഞ്ചിരിയുമായി മാർ സ്രാമ്പിക്കലിന്റെ യുകെ സന്ദർശനം തുടരുന്നു
Wednesday, September 28, 2016 8:02 AM IST
ലണ്ടൻ: ചെറുപ്പത്തിന്റെ ആവേശവും സ്നേഹത്തിന്റെ പുഞ്ചിരിയുമായി എത്തുന്ന മാർ സ്രാമ്പിക്കലിനെ കാത്ത് എങ്ങും വിശ്വാസികളുടെ നീണ്ട നിര. വിജയകരമായി നടന്നുവരുന്ന പ്രാഥമിക സന്ദർശനങ്ങൾ പകുതി പിന്നിട്ടപ്പോൾ ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും ആവേശത്തിൽ.

ബർമിംഗ്ഹാം ചാപ്ലെയൻസി ഡേയിലെ സന്ദർശനത്തിനുശേഷം മാർ സ്രാമ്പിക്കൽ, ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യുകെ പ്രവർത്തനങ്ങൾ സന്ദർശിച്ചു മനസിലാക്കി. തുടർന്ന് ലണ്ടനിൽ എത്തിച്ചേർന്ന നിയുക്‌ത മെത്രാനെ മെത്രാഭിഷേകത്തിന്റെ ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സൗത്ത് ആർക്ക് രൂപതയിൽ ചാപ്ലിൻ ഫാ. ഹാൻസ് പുതിയാകുളങ്ങര നൽകിയ സ്വീകരണത്തിനുശേഷം ലീ, കാറ്റ്ഫോർഡ്, ബ്രോംലി, ഡാർട്ട്ഫോർഡ്, ടോൾവർത്ത്, ട്രോണ്ടൻ ഹീത്ത്, മോർഡൻ, സൗത്ത് ബറോ, മെയ്ഡ് സ്റ്റോൺ, ഗില്ലിംഗ്ഹാം തുടങ്ങിയ സ്‌ഥലങ്ങൾ പിതാവ് സന്ദർശിച്ചു. ഫാ. യുക് എമേകാ നാജി, ഫാ. മൈക്കിൾ ലവൽ, ഫാ. ബിനോയി നിലയത്തുങ്കൽ തുടങ്ങിയവരുമായും കാന്റർബറി, വെസ്റ്റ്ഫീൽഡ്, ബ്രോഡ് സ്റ്റെയേഴ്സ് കൂട്ടായ്മയുമായും ആശയവിനിമയം നടത്തി.

വൈകുന്നേരം 6.30ന് ബ്രന്റ്വുഡ് രൂപതയിൽ ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നിയുക്‌ത മെത്രാനെ സ്വീകരിച്ചു. തുടർന്ന് അവിടുത്തെ വിശ്വാസികളുമായും സമയം ചെലവഴിച്ചു. ഇതിനിടയിൽ പ്രസ്റ്റൺ മെത്രാഭിഷേക വേദി ഉൾക്കൊള്ളുന്ന ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ ഡോ. മൈക്കിൾ ജി. കാംബെല്ലുമായും മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി. മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷകളിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം സഹകാർമികൻ കൂടിയാണ് ഡോ. മൈക്കിൾ കാംബെൽ. തന്നെ കാത്തുനിൽക്കുന്ന വൈദികരുടെയും വിശ്വാസികളുടെയും സ്നേഹവും വിശ്വാസതീക്ഷ്ണതയും തനിക്ക് വലിയ ഊർജവും ഉന്മേഷവും പകരുന്നതായി മാർ സ്രാമ്പിക്കൽ പറഞ്ഞു. നിയുക്‌ത മെത്രാനൊപ്പം സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

മെത്രാഭിഷേകത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്രമീകരിക്കപ്പെട്ട പതിനഞ്ചോളം കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയിൽ അറിയിച്ചു.