ഐൽ ഓഫ് വൈറ്റ് പിടിച്ചടക്കാൻ ഹിറ്റ്ലർ പദ്ധതിയിട്ടിരുന്നു
Wednesday, September 28, 2016 8:03 AM IST
ലണ്ടൻ: രണ്ടാം ലോകയുദ്ധ കാലത്ത് ബ്രിട്ടന്റെ അധീനതയിലുള്ള ഐൽ ഓഫ് വൈറ്റ് പിടിച്ചടക്കാൻ ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ പദ്ധതി തയാറാക്കിയിരുന്നു എന്ന് വെളിപ്പെടുത്തൽ.

ഐൽ ഓഫ് വൈറ്റ് ആസ്‌ഥാനമാക്കി ബ്രിട്ടനെ ആക്രമിക്കുകയായിരുന്നുവത്രെ ഹിറ്റ്ലറുടെ പദ്ധതി. ഈ ദ്വീപ് സംരക്ഷിക്കാൻ ബ്രിട്ടന് ഒട്ടും എളുപ്പമായിരുന്നില്ല. അവിടെനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും തന്ത്രപരമായി ബ്രിട്ടന് തിരിച്ചടിയാകുമായിരുന്നു എന്നാണ് വിലയിരുത്തൽ.

ഹിറ്റ്ലർ നേരിട്ടു മുന്നോട്ടു വച്ച ആശയമായിരുന്നു ഇത്. എന്നാൽ, നാസി തലപ്പത്തെ മറ്റു ചിലരുടെ ഉപദേശ പ്രകാരം ഇതിൽനിന്നു പിൻമാറുകയും നേരിട്ട് ബ്രിട്ടനെ തന്നെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അതിൽ ജർമനി അന്നു പരാജയപ്പെടുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ