എൻഎജിസി ഓണം ആഘോഷിച്ചു
Wednesday, September 28, 2016 8:04 AM IST
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷപരിപാടികൾ ഡസ്പ്ലെയിൻസിലുള്ള അപ്പോളോ സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

താലപ്പൊലിയുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചതോടെ പ്രസിഡന്റ് എം.എൻ.സി. നായർ, സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ, ട്രഷറർ രാജഗോപാൽ നായർ, കമ്മിറ്റി അംഗങ്ങളായ ഡോ. സുനിതാ നായർ, വിജി നായർ, സ്പോൺസറായ അശോക് ലക്ഷ്മണൻ തുടങ്ങിയവർ ചേർന്നു ഭദ്രദീപം തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് എം.എൻ.സി. നായർ ഓണ സന്ദേശം നൽകി. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. ഓംകാരം ഷിക്കാഗോയുടെ ചെണ്ടമേളം ഓണാഘോഷപരിപാടികൾക്ക് കേരളത്തനിമ നൽകി. ഗ്രാന്റ് സ്പോൺസർ അശോക് ലക്ഷ്മണൻ, സന്ധ്യാ രാധാകൃഷ്ണൻ, ശ്രീദേവി, ശ്രീവിദ്യ, ഗോവിന്ദ് പ്രഭാകർ, നന്ദിനി നായർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ദേവി മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

സംഘടനയിലെ കുടുംബാംഗങ്ങൾ പാകംചെയ്തുകൊണ്ടുവന്ന ഓണസദ്യ കേരളത്തനിമ വിളിച്ചറിയിച്ചു. വിജി. എസ്. നായരുടെ നേതൃത്വത്തിൽ രഘു നായർ, രാജി നായർ, കലാ ജയൻ എന്നിവർ ഫുഡ് കോർഡിനേറ്റേഴ്സായി പ്രവർത്തിച്ചു. ജയൻ മുളങ്ങാട് പ്രോഗ്രാം കോഓർഡിനേറ്ററായിരുന്നു. മഹാബലിയായി മഹേഷ് കൃഷ്ണൻ വേഷമിട്ടു. കലാ ജയൻ, ലക്ഷ്മി നായർ, സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം