ഉപനിഷദ് ഗംഗ യജ്‌ഞത്തിന് മംഗള പരിസമാപ്തി
Thursday, September 29, 2016 7:06 AM IST
ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 മുതൽ ആചാര്യൻ സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തിൽ നടന്നുവന്ന ‘ഉപനിഷദ് ഗംഗ’ കഠോപനിഷത് യജ്‌ഞം വിപുലമായ ചടങ്ങുകളോടെ സെപ്റ്റംബർ 24ന് സമാപിച്ചു.

വൈകുന്നേരം ആറു മുതൽ വിദ്യാർഥികൾക്കുവേണ്ടി നടന്ന ‘വിദ്യാ പൂജ’യിൽ സ്വാമി ഉദിത് ചൈതന്യജി ചൊല്ലിക്കൊടുത്ത പ്രാർഥന കുട്ടികൾ ഉരുവിട്ടു.

തുടർന്ന് സ്വാമിജി യജ്‌ഞത്തിന്റെ പരിസമാപ്തിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഉപനിഷത്തുകളിൽ ഉള്ളതു മാത്രമേ ഭഗവത് ഗീതയിലും നാരായണീയത്തിലും ഒക്കെ അടങ്ങിയിട്ടുള്ളുവെന്ന് സ്വാമിജി വ്യക്‌തമാക്കി.

അമേരിക്കയിൽ കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി മലയാളി സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഗുരുസ്വാമി പാർഥസാരഥി പിള്ളയേയും ദാസൻ പോറ്റിയേയും രാം പോറ്റിയേയും ചടങ്ങിൽ ആദരിച്ചു.

ഈ യജ്‌ഞത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ കോർ കമ്മിറ്റി അംഗങ്ങളെയും സ്വാമി അഭിനന്ദിച്ചു. രേഖാ നായരുടെ മോഹിനിയാട്ടവും മനോജ് കൈപ്പള്ളിയുടെ ഭക്‌തിഗാനമേളയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. വനജ നായർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ