മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടി ഓണാഘോഷം നടത്തി
Thursday, September 29, 2016 7:07 AM IST
ന്യൂയോർക്ക്: റോക്ലാൻഡ് കൗണ്ടിയിലെ മലയാളികളുടെ ഓണാഘോഷം മലയാളി അസോസിയേഷൻ ഓഫ് റോക്ലാന്റ് കൗണ്ടിയുടെ (MARC) ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

സെപ്റ്റംബർ 17ന് നടന്ന ഓണാഘോഷം ഓണസദ്യയോടെ ആരംഭിച്ചു. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറി. പൂക്കളം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിക്കും വിശിഷ്‌ടാതിഥികൾക്കും വരവേൽപ്, റീത്ത മഞ്ഞലിൽ, ഷൈൻ റോയി ആൻഡ് പാർട്ടിയുടെ തിരുവാതിര എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

ജിയ അക്കകാട്ടിന്റെ ഓണപാട്ടോടെ പൊതുസമ്മേളനം ആരംഭിച്ചു. സ്വാമി ഉദിത് ചൈതന്യജി ഓണസന്ദേശം നൽകി. മുൻപ്രസിഡന്റും ഫോമയുടെ നാഷണൽ കമ്മിറ്റി മെംബറുമായ സണ്ണി കല്ലൂപാറയെ ചടങ്ങിൽ സ്വാമി ഉദിത് ചൈതന്യജി ആദരിച്ചു. തുടർന്ന് വിവിധ ഡാൻസ് സ്ക്കൂളിലെ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങൾ, സാധക മ്യൂസിക് സ്ക്കൂളിന്റെ ഗാനാലാപനം, സിനിമ, ടിവി താരം സാബു തിരുവല്ലയുടെ ഗെയിംഷോ, മിമിക്സ് പരേഡ് എന്നിവ അരങ്ങേറി.

കർഷകശ്രീ ജേതാവ് സണ്ണി ജയിംസിന് എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് സമ്മാനിച്ചു. രണ്ടാം സമ്മാനം വർക്കി പള്ളിതാഴത്തും മൂന്നാം സമ്മാനം സന്തോഷ് വർഗീസും കരസ്‌ഥമാക്കി.

പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സെക്രട്ടറി എൽസി ജൂബ്, ജോയിന്റ് ട്രഷറർ വിൻസന്റ് ജോൺ എന്നിവർ പ്രസംഗിച്ചു.

ജോസ് അക്കകാട്ട്, മാത്യു മാണി, സ്റ്റീഫൻ തേവർകാട്ട്, ജി.കെ.നായർ, പൗലോസ് പുത്തരപുര, ജൂബ് ഡാനിയൽ, സണ്ണി കല്ലൂപ്പാറ, സിബി ജോസഫ്, ജിജോ ആന്റണി, സണ്ണി പൗലോസ്, സന്തോഷ് മണലിൽ, സജൻ തോമസ്, നെവിൻ മാത്യു, മാത്യു വർഗീസ്(സന്തോഷ്), ഡാനിയൽ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോസ് കാടാപ്പുറം