സീറോ മലബാർ കത്തീഡ്രലിൽ മാർ ജോയ് ആലപ്പാട്ടിന്റെ കൃതജ്‌ഞതാബലി
Thursday, September 29, 2016 7:09 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ രണ്ടാം മെത്രാഭിഷേക വാർഷികത്തിന്റേയും ഷഷ്ഠിപൂർത്തിയുടേയും സന്തോഷസൂചകമായി കൃതജ്‌ഞതാബലി അർപ്പിക്കപ്പെട്ടു.

മാർ ജോയ് ആലപ്പാട്ടിനൊപ്പം രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ, ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫിനാൻസ് ഓഫീസർ ഫാ. പോൾ ചാലിശേരി, അസി. വികാരി ഫാ. ജയിംസ് ജോസഫ്, മുൻ വികാരി ഫാ. മാത്യു പന്തലാനിക്കൽ, ഫാ. ബെഞ്ചമിൻ, ഫാ. ജോസഫ് അറയ്ക്കൽ, ഫാ. ഫ്രാൻസീസ് തെക്കേഅറ്റം എന്നിവരും സമൂഹബലിയിൽ പങ്കുചേർന്നു.

60 വർഷക്കാലം ലഭിച്ച എല്ലാ നന്മകൾക്കായും ദൈവത്തിനു കൃതജ്‌ഞത അർപ്പിച്ച മാർ ആലപ്പാട്ട് തന്നോടൊപ്പം ബലിയർപ്പിച്ച മാർ ജേക്കബ് അങ്ങാടിയത്തിനും മറ്റെല്ലാ വൈദികർക്കും പ്രത്യേകം നന്ദി പറഞ്ഞു. പ്രാർഥനകളിൽ രൂപതയിലെ എല്ലാ വിശ്വാസികളേയും സമർപ്പിച്ച് പ്രാർഥിക്കുന്നുവെന്നും ഏവരുടേയും പ്രാർഥനകൾ തന്റെ അജപാലന ദൗത്യം ഭംഗിയായി നിറവേറ്റുന്നതിനു നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഫ്രാൻസിസ് പാപ്പയുടെ എളിമയും ലാളിത്യത്തിന്റെ ജീവിതമാതൃകയും ഏവരും പിന്തുടരുവാനും മാർ ആലപ്പാട്ട് ആഹ്വാനം ചെയ്തു.

ഇടവക ജനങ്ങളുടെ പ്രതിനിധികളായി ട്രസ്റ്റിമാരായ മനീഷ് ജോസഫ്, പോൾ പുളിക്കൻ, ആന്റണി ഫ്രാൻസിസ്, ഷാബു മാത്യു എന്നിവർ പിതാവിനെ അനുമോദിച്ചു. ഗായകസംഘം പ്രത്യേക അജപാലന ഗാനം ആലപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം