പതിനൊന്നാമത് നെഹ്റു ട്രോഫി ജലമേള മയാമിയിൽ ഒക്ടോബർ ഒന്നിന്
Thursday, September 29, 2016 7:16 AM IST
മയാമി: കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ അമേരിക്കൻ മലയാളികൾക്കായി കാഴ്ചവയ്ക്കുന്ന പതിനൊന്നാമത് സൗത്ത് ഫ്ളോറിഡ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് ആരവമുണരാൻ ഇനി ദിവസങ്ങൾ മാത്രം.

ഒക്ടോബർ ഒന്നിന് (ശനി) രാവിലെ പത്തിന് ഫോർട്ട് ലൗഡർ ഡേയിലെ ഹോളിവുഡ് നഗരത്തിലെ റ്റി.വൈ. പാർക്കിലെ 85 ഏക്കറോളം വരുന്ന വിശാലമായ തടാകത്തിലാണ് മത്സരം. സൗത്ത് ഫ്ളോറിഡ നെഹ്റു ട്രോഫിക്കായി നടക്കുന്ന മത്സരത്തിൽ ഇത്തവണ എട്ടു ടീമുകളാണ് പങ്കെടുക്കുക.

രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായ ഭാരത് ബോട്ട് ക്ലബ്ബ്, ന്യൂയോർക്ക്, സിബിൾ ഫെലിക്സ് ക്യാപ്റ്റനായുള്ള എംഎസിഎഫ് താമ്പചുണ്ടൻ, ജോർജ് സെബാസ്റ്റ്യൻ ക്യാപ്റ്റനായ കേരള ഡ്രാഗൻസ്, ബിഷിൻ ജോസഫ് ക്യാപ്റ്റനായുള്ള മാറ്റ് (ങഅഠ) ടാമ്പ, ജോബി ഏബ്രാഹം ക്യാപ്റ്റനായുള്ള ഡ്രം ലൗവേഴ്സ്, ഗുഡ്വിൻ പോറത്തൂർ ക്യാപ്റ്റനായുള്ള മയാമി ചുണ്ടൻ, ജുബിൻ കുളങ്ങര ക്യാപ്റ്റനായുള്ള ക്നാനായ ചുണ്ടൻ, പ്രഭാകർ രാമലിംഗം ക്യാപ്റ്റനായുള്ള സൗത്ത് ഫ്ളോറിഡ തമിഴ്സംഘം എന്നീ പുരുഷ ടീമുകൾക്കു പുറമെ ടാമ്പ വനിത ടീമും മയാമി വനിത ടീമും മത്സരത്തിൽ മാറ്റുരയ്ക്കും.

ജേതാക്കൾക്ക് 2500 ഡോളറും എവർ റോളിംഗ് ട്രോഫിയും നെഹ്റു ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്‌ഥാനക്കാർക്ക് 1001 ഡോളറും ട്രോഫിയുമാണ് സമ്മാനം.

അര കിലോമീറ്റർ ദൂരം വരുന്ന രണ്ടു ട്രാക്കിലൂടെയാണ് മത്സരം. സമയം മാനദണ്ഡമാക്കിയാണ് ഹീറ്റ്സ് മത്സരം നടത്തുന്നതെങ്കിൽ സെമിഫൈനലും ഫൈനൽ മത്സരങ്ങളും ഫോട്ടോ ഫിനിഷിംഗിലൂടെയാണ് വിജയികളെ കണ്ടെ ത്തുന്നത്. അമേരിക്കൻ പാഡിലേഴ്സ് അസോസിയേഷന്റെ അമ്പയർമാരാണ് മത്സരം നിയന്ത്രിക്കുന്നത്.

ഡ്രോൺ കാമറ സംവിധാനം വഴി സ്റ്റാർട്ടിംഗ് പോയിന്റു മുതൽ ഫിനിഷിംഗ് പോയിന്റു വരെയുള്ള മത്സരങ്ങൾ വലിയ ടിവി സ്ക്രീനിൽ കാണത്തക്കവിധത്തിൽ ഈ വർഷം ക്രമീകരിച്ചിട്ടുണ്ടെന്ന് വള്ളംകളി മത്സരകമ്മിറ്റി ചെയർമാൻ പീറ്റോ സെബാസ്റ്റ്യനും കമ്മിറ്റി അംഗങ്ങളായ റോബിൻസ് ജോസ്, കെ.ജി. പത്മകുമാർ, പി.കെ. സുധീഷ്. കേരളസമാജം പ്രസിഡന്റ് ജോസ്മോൻ കരേടൻ തുടങ്ങിയവർ അറിയിച്ചു.

കേരളസമാജത്തിന്റെ ജലമാമാങ്കത്തോടനുബന്ധിച്ച്, കേരള സാംസ്കാര തനിമ വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്ര, കുട്ടികൾക്കും യുവജനങ്ങൾക്കും വിനോദമത്സരങ്ങളും കപ്പ മുതൽ ബാർബിക്യു ഫിഷ് വരെയുള്ള വിവിധ ഫുഡ് സ്റ്റാളുകളും തട്ടുകടയും ഒരുക്കിയിട്ടുണ്ടെന്ന് കേരളസമാജം സെക്രട്ടറി നോയൽ മാത്യു അറിയിച്ചു.

മത്സരശേഷം റ്റിവൈ പാർക്കിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ വടംവലി മത്സരവും നടത്തുന്നു. ഹൂസ്റ്റൺ, ഷിക്കാഗോ, ടാമ്പ, മയാമി, ഫോർട്ട് ലൗഡർ ഡെയിൽ എന്നീ ആറു ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുക. ജേതാക്കൾക്ക് രണ്ടായിരത്തിയൊന്ന് ഡോളറും രണ്ടാം സ്‌ഥാനക്കാർക്ക് എഴുന്നൂറ്റി അമ്പത് ഡോളറും സമ്മാനമായി ലഭിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം