സൗദി അറേബ്യ നഷ്‌ടപരിഹാര ബിൽ നിയമമായി: ഒബാമക്ക് കനത്ത പ്രഹരം
Thursday, September 29, 2016 7:17 AM IST
വാഷിംഗ്ടൺ: പ്രസിഡന്റ് ഒബാമയുടെ ആവർത്തിച്ചുളള മുന്നറിയിപ്പുകൾ അവഗണിച്ച് യുഎസ് കോൺഗ്രസ് സൗദി അറേബ്യ നഷ്‌ടപരിഹാര ബിൽ പാസാക്കി.

2001 സെപ്റ്റംബറിൽ നടന്ന ഭീകരാക്രമണത്തിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യയ്ക്കെതിരെ ലൊ സ്യൂട്ട് ഫയൽ ചെയ്യുന്നതിന് അനുമതി നൽകുന്നതാണ് ഈ ബിൽ.

ഒബാമ വീറ്റോ ചെയ്തിരുന്ന ബിൽ നിയമമാകുന്നതിന് യുഎസ് കോൺഗ്രസിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. സെപ്റ്റംബർ 28ന് യുഎസ് സെനറ്റ് ഒന്നിനെതിരെ 97 വോട്ടിനും യുഎസ് ഹൗസ് 77 നെതിരെ 348 വോട്ടുകൾക്കുമാണ് ഒബാമയുടെ വീറ്റൊ മറികടന്നത്. ഹില്ലരിയുടെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി ബർണി സാന്റേഴ്സ് വോട്ടിംഗിൽ നിന്നും വിട്ടു നിന്നു.

ഭരണത്തിൽ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒബാമയ്ക്കേറ്റ കനത്ത പ്രഹരമാണിത്. എട്ടു വർഷത്തെ ഭരണത്തിനിടയിൽ 12 ബില്ലുകൾ വീറ്റൊ ചെയ്തിരുന്നുവെങ്കിലും സൗദിക്കെതിരെയുള്ള ബിൽ മാത്രമാണ് വീറ്റൊ മറി കടന്ന് നിയമമായത്.

ബിൽ പാസായാൽ സൗദിയുമായുളള ബന്ധത്തിന് ഉലച്ചിൽ തട്ടുമെന്നും വിദേശങ്ങവിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സേനാംഗങ്ങൾക്കും ഉദ്യോഗസ്‌ഥർക്കും ദോഷം ചെയ്യുമെന്നുമുള്ള വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ് യുഎസ് കോൺഗ്രസ് അവഗണിക്കുകയായിരുന്നു.

പതിനഞ്ചു വർഷം നീണ്ടു നിന്ന കാത്തിരിപ്പിനുശേഷം ബിൽ പാസായതിൽ ആഹ്ലാദം പ്രകടപ്പിച്ച് വൈറ്റ് ഹൗസിനു മുമ്പിൽ വൻ പ്രകടനം നടത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ