കാവേരിയിൽ സർക്കാരും കോടതിയും നേർക്കുനേർ
Thursday, September 29, 2016 7:22 AM IST
ബംഗളൂരു: തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടതില്ലെന്ന് പ്രത്യേക നിയമസഭാ സമ്മേളനം പ്രമേയം പാസാക്കിയതോടെ കർണാടക സർക്കാരും സുപ്രീം കോടതിയും തുറന്ന പോരിലേക്ക് നീങ്ങുന്നു. കോടതിയുടെ ഉത്തരവ് പരാമർശിക്കാതെയാണ് പ്രമേയം അവതരിപ്പിച്ചതെങ്കിലും ഫലത്തിൽ സുപ്രീം കോടതി ഉത്തരവിനെ മറികടക്കുക തന്നെയാണ് സിദ്ധരാമയ്യയും സംഘവും ചെയ്യുന്നത്.

കാവേരി ജലം കാവേരി തീരങ്ങളിലെയും ബംഗളൂരുവിലെയും കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. കുടിവെള്ളപ്രശ്നവും അണക്കെട്ടുകളിലെ ജലദൗർലഭ്യവുമാണ് തമിഴ്നാടിന് ജലം വിട്ടുകൊടുക്കാതിരിക്കാനുള്ള കാരണമായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. കോടതി ഉത്തരവിനെ നേരിട്ടു വിമർശിക്കാതിരിക്കാൻ കൂടിയായിരുന്നു സർക്കാരിന്റെ ഈ നീക്കം. ചൊവ്വാഴ്ച സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഈ പ്രമേയവും സർക്കാർ സമർപ്പിക്കും. ഇതിന്റെ പകർപ്പ് രാഷ്ര്‌ടപതിക്കും അയച്ചുകൊടുക്കും.

അതേസമയം, സുപ്രീം കോടതി ഉത്തരവിനെ മറികടക്കാൻ പ്രമേയത്തിനു കഴിയുമോ എന്ന് കാത്തിരുന്ന് കാണണം. കാരണം, പ്രമേയം അംഗീകരിക്കണമെങ്കിൽ ശക്‌തമായ കാരണങ്ങൾ കോടതിയിൽ ബോധിപ്പിക്കേണ്ടതുണ്ട്. വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കർണാടകയ്ക്ക് കാരണങ്ങൾ നിരവധി നിരത്താനാകുമെങ്കിലും അവ കോടതി മുഖവിലയ്ക്ക് എടുക്കുമോ എന്നാണ് സംശയം. ഈ കാരണങ്ങൾ നേരത്തെ തന്നെ മറികടന്നാണ് തമിഴ്നാടിനു വെള്ളം നല്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

മുമ്പ് പ്രമേയത്തിലൂടെ കോടതി ഉത്തരവിനെ മറികടക്കാൻ കർണാടക നടത്തിയ ശ്രമം കോടതിയുടെ മുന്നിൽ പരാജയപ്പെട്ടതാണ് ചരിത്രം. കോടതിയുത്തരവ് മറികടക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ സർക്കാരുകൾ അതിനു മുതിരാറില്ല.

വെള്ളം വിട്ടുനല്കുന്നതിനെതിരേ 1991ൽ മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പ ഓർഡിനൻസ് ഇറക്കിയെങ്കിലും സുപ്രീം കോടതി അതു തള്ളുകയാണുണ്ടായത്. 2002ൽ എസ്.എം. കൃഷ്ണ കോടതി വിധി മറികടക്കാൻ ശ്രമിച്ചപ്പോൾ അണക്കെട്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പ് നല്കിയാണ് സുപ്രീം കോടതി പ്രതിരോധിച്ചത്.

കാവേരി നദിയിലെ ജലം കുടിവെള്ളാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണമെന്നും കാവേരിയിൽനിന്നുള്ള വെള്ളം തമിഴ്നാടിനു നൽകണമെന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് അംഗീകരിക്കരുതെന്നും നിർദേശിച്ച് കർണാടക നിയമ സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണച്ചിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാകാതെ വന്നതോടെ കർണാടക കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെങ്കിലും പുതിയ നീക്കം ജനങ്ങൾക്കിടയിൽ സർക്കാരിനു കൂടുതൽ മതിപ്പുണ്ടാകാൻ ഇടയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

<ആ>കോടതിയോട് ബഹുമാനം മാത്രം: മുഖ്യമന്ത്രി

ബംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനല്ല കർണാടക സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കോടതിയോട് സർക്കാരിന് എന്നും ബഹുമാനം മാത്രമേയുള്ളൂ. കോടതിയെ ധിക്കരിക്കുന്ന നടപടികൾ തങ്ങൾ സ്വപ്നം പോലും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌ഥാന ജനതയുടെ താത്പര്യങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നല്കുന്നതെന്നും അവരോടുള്ള കടമ നിറവേറ്റുന്നതിനായാണ് കാവേരി വിഷയത്തിലെ പ്രമേയം അവതരിപ്പിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ സംസ്‌ഥാനം അംഗീകരിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്‌ഥാനത്തെ കർഷകരുടെ താത്പര്യം സംരക്ഷിക്കുക തന്റെ ബാധ്യതയാണെന്നും കൂടുതൽ വെള്ളം തമിഴ്നാടിനു നല്കിയാൽ സംസ്‌ഥാനം കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാവേരി തീരത്തെ ഗ്രാമങ്ങളിലെയും ബംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലെയും കുടിവെള്ള ആവശ്യത്തിനു പോലും ജലം തികയാത്ത അവസ്‌ഥയാണെന്നും അദ്ദേഹം പറഞ്ഞു.