കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ അനുഗ്രഹം തേടി നിയുക്‌ത മെത്രാൻ വെസ്റ്റ് മിനിസ്റ്ററിൽ
Thursday, September 29, 2016 8:10 AM IST
ലണ്ടൻ: ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ് മിനിസ്റ്റർ ആർച്ച് ബിഷപ്പുമായ കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ പൈതൃകാശീർവാദം തേടി ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്‌ത സീറോ മലബാർ ഇടയൻ മാർ സ്രാമ്പിക്കലെത്തി.

ഉച്ചയോടുകൂടി വെസ്റ്റ്മിനിസ്റ്റർ ആർച്ച് ബിഷപ്സ് ഹൗസിലെത്തിയ മാർ സ്രാമ്പിക്കലിനെ കർദിനാൾ സ്വീകരിച്ചു. തുടർന്ന് വലിയ ഇടയന്റെ മുന്നിൽ പ്രാർഥനാപൂർവം മുട്ടുകുത്തിയ നിയുക്‌ത മെത്രാനെ കർദിനാൾ വിൻസെന്റ് അനുഗ്രഹം നൽകി തന്റെ അഭിനന്ദനമറിയിച്ചു. മെത്രാഭിഷേക ചടങ്ങുകളിൽ സംബന്ധിക്കാൻ സാധിക്കില്ലെങ്കിലും തന്റെ പ്രതിനിധി ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് കർദിനാൾ മാർ സ്രാമ്പിക്കലിനെ അറിയിച്ചു.

ഇന്നലെ രാവിലെ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സഭൈക്യ പ്രവർത്തനങ്ങളുടെ ഡയറക്ടറായി പ്രവർത്തിക്കുന്ന ഫാ. ജോൺ ഒടോളുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് മോൺ. മാർട്ടിൻ ഹെയ്സ് നിയുക്‌ത മെത്രാനെ സ്വീകരിച്ചു. തുടർന്ന് ബ്രന്റ്വുഡ് രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. ജോസഫ് അന്തിയാംകുളം, ഫാ. മൗറിസ് ഗോർഡൻ, ഫാ. നിക്സൺ ഗോമസ് തുടങ്ങിയവരും വാൾത്താംസ്റ്റോ, ഈസ്റ്റ്ഹാം, ചെംസ്ഫോർഡ്, കോൾചെസ്റ്റർ, ക്ലോക്റ്റൺ സീ, ബാസിൽഡൺ, ഹോൺചർച്ച്, ഹൈവിക്കോമ്പ്, ഹാർലോ എന്നിവിടങ്ങളിൽ വിശ്വാസി സമൂഹവും തങ്ങളുടെ നിയുക്‌ത ഇടയനെ എതിരേറ്റു. വൈകുന്നേരം ഏഴിന് അർപ്പിച്ച ദിവ്യബലിയിൽ പങ്കുചേർന്ന എല്ലാവരോടും നിയുക്‌ത മെത്രാൻ പ്രാർഥനാ സഹായം അഭ്യർഥിച്ചു.

ഇതിനിടെ മെത്രാഭിഷേകം നടക്കുന്ന പ്രസ്റ്റൺ നോറത്ത് എൻഡ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ആവശ്യമായ എൻട്രി പാസിന്റെ വിതരണോദ്ഘാടനം മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകനും ജോയിന്റ് കൺവീനറുമായ ഫാ. മാത്യു ചൂരപൊയ്കയിൽ നിർവഹിച്ചു. തികച്ചും സൗജന്യമായി വിശ്വാസികൾക്കു നൽകുന്ന ഈ പാസ്, സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതാണ്. ഓരോ സ്‌ഥലത്തുമുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ വൈദികരിൽനിന്നാണ് വിശ്വാസികൾക്ക് പാസ് ലഭിക്കുന്നത്. നാളെ ഈസ്റ്റ് ആംഗ്ലിയ രൂപതയിൽ മാർ സ്രാമ്പിക്കൽ സന്ദർശനം നടത്തും.