യൂറോപ്പിൽ വ്യാപക ഐഎസ് റെയ്ഡ്: അഞ്ച് പേർ അറസ്റ്റിൽ
Thursday, September 29, 2016 8:10 AM IST
മാഡ്രിഡ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവർത്തകരെ കണ്ടെത്താൻ സ്പെയ്ൻ, ബെൽജിയം, ജർമനി എന്നിവിടങ്ങളിൽ റെയ്ഡ്. ആകെ അഞ്ചു പേർ അറസ്റ്റിൽ.

അറസ്റ്റിലായവരിൽ നാലു പേരും സ്പാനിഷ് പൗരൻമാരാണ്. ഒരാൾ മൊറോക്കോ സ്വദേശിയും. ഇവർ യൂറോപ്പിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയവരോ ആക്രമണ പദ്ധതികളുടെ ഗൂഢാലോചനകളിൽ പങ്കെടുത്തവരോ ആണെന്ന് പോലീസ്.

വടക്കുകിഴക്കൻ സ്പെയ്നിലെ ബാഴ്സലോണയിൽനിന്നാണ് രണ്ടു പേരെ പിടികൂടിയത്. ഒരാളെ സ്പെയിനിന്റെ നോർത്ത് ആഫ്രിക്കൻ പ്രവിശ്യയായ മെലിയയിൽനിന്നും ഒരാളെ ബെൽജിയൻ തലസ്‌ഥാനമായ ബ്രസൽസിൽനിന്നും ഒരാളെ ജർമനിയിലെ വുപ്പേർട്ടലിൽനിന്നും പിടികൂടി.

ജർമനിയിൽ പിടിയിലായത് ഇരുപതു വയസുള്ള സ്പാനിഷ് പൗരനാണ്. ഇയാൾക്കെതിരേ അന്താരാഷ്ര്‌ട അറസ്റ്റ് വാറന്റ് നിലനിന്നിരുന്നു എന്ന് ജർമൻ അധികൃതർ സ്‌ഥിരീകരിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ