ജർമനിയിലെ വീടുകളിൽ വൈദ്യുതി ഉപയോഗം കുറഞ്ഞു
Thursday, September 29, 2016 8:11 AM IST
ബർലിൻ: ഒരു വർഷത്തിനുള്ളിൽ ജർമനിയിലെ വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ആറു ശതമാനം കുറഞ്ഞു. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളാണ് ഇതിനു സഹായിച്ചത്.

തണുപ്പു കാലത്ത് വീടുകളിൽ ചൂട് കിട്ടാൻ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിലാണ് കാര്യമായ കുറവ് കാണുന്നത്. എന്നാൽ, തൊട്ടു മുൻ വർഷം പതിനെട്ടു ശതമാനം വരെ കുറവു വന്നിരുന്നു.

അധികം ചൂട് കൃത്രിമമായി ഉത്പാദിക്കേണ്ടി വരാത്ത രീതിയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും പഴയവ പുതുക്കുകയും ചെയ്യുന്നതാണ് ഊർജ ഉപയോഗം കുറയാനുള്ള പ്രധാന കാരണങ്ങൾ.

വലിയ കമ്പനികളുടെ ഉടമസ്‌ഥതയിലുള്ളവ അടക്കം നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തിൽ പുതുക്കിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ